കൊല്ലം: വീട്ടുകാരെയും നാട്ടുകാരെയും കേരളത്തെയുമാകെ മുൾമുനയിൽ നിർത്തിയ 21 മണിക്കൂറുകൾ. സംസ്ഥാനമൊട്ടാകെ വലവിരിച്ച് പൊലീസ്. അബിഗേലിനെ കണ്ടെത്താൻ നാടൊന്നാകെ പുറത്തിറങ്ങി. കൃത്യമായ വിവരങ്ങൾ നൽകി മാധ്യമങ്ങളും. ഒരൊറ്റ വാഹനങ്ങളും വിടാതെ പരിശോധന. ഒപ്പം ലോഡ്ജുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചും തെരച്ചിൽ. ഒടുവിൽ ഒരു രക്ഷയുമില്ലെന്ന് മനസിലായി കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു.
|
തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പാക്കാനാകാതെ വരികയും പിടിക്കപ്പെടുമെന്ന് ഉറപ്പാവുകയും സമ്മർദം ശക്തമാവുകയും ചെയ്തതോടെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കുട്ടി മൈതാനത്ത് ഒറ്റയ്ക്ക് ഇരിക്കുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടിക്ക് വെള്ളവും മറ്റും വാങ്ങിനൽകുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
തുടർന്ന് പൊലീസെത്തി അബിഗേൽ സാറയെ കൊല്ലം കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൊല്ലം നഗരത്തിനുള്ളിൽ തന്നെയാണ് കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം. കുട്ടി കോട്ടയം വരെ എത്തിയതായി നേരത്തേ സംശയമുയർന്നിരുന്നു. അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ പിടിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. ഇവർക്കായി അന്വേഷണവും തെരച്ചിലും ഊർജിതമാണ്.
തിങ്കളാഴ്ച വൈകീട്ട് 4.45നാണ് ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി റെജി ഭവനിൽ റെജി ജോൺ- സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ- ആറ്) യെ കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസുകാരനായ സഹോദരൻ രക്ഷപ്പെട്ടു.
അബിഗേൽ സഹോദരൻ യോനാഥനൊപ്പം സ്കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മയ്ക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്‍റെ വാതിൽ അടയ്ക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.





