ചെന്നൈ: വ്യാജ എന്‍സിസി ക്യാമ്പ് നടത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ശിവരാമന്‍ മരിച്ച നിലയില്‍. (Accused who conducted fake NCC camp and molested female students dead in custody) കസ്റ്റഡിയിലായിരുന്ന പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശിവരാമനെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
|
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ മാനേജ്മെന്റ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വ്യാജ എന്‍സിസി ക്യാമ്പുകള്‍ സംഘടിപ്പിക്കുയും ട്രെയിനര്‍മാരെന്ന വ്യാജേന പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.
പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്നാട് സര്‍ക്കാര്‍ കേസന്വേഷണം തുടരുന്നതിനിടയിലാണ് മുഖ്യപ്രതിയുടെ ദൂരൂഹ മരണം. നാം തമിളര്‍ കക്ഷിയുടെ മുന്‍ ഭാരവാഹിയാണ് ശിവരാമന്‍. സംഭവം മറച്ചുവെക്കാന്‍ ശ്രമം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാം നിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല.
തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. 13 പെണ്‍കുട്ടികളാണ് അതിക്രമത്തിനിരയായത്. ഇതില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളായ ശിവരാമന്‍ പീഡിപ്പിച്ചു. ശേഷം പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ല. വീട്ടുകാര്‍ വഴി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശിവറാമിനെ അറസ്റ്റ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





