‘മുസ്ലിംകള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഇന്ത്യയില്‍ അവര്‍ക്കുമേല്‍ പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചാല്‍ അത് നെഗറ്റീവായി വരും’; നിഖാബ് വിഷയത്തില്‍ ജെ. ദേവിക (J Devika Interview)
|
തൃശൂര്‍: ഹിജാബ്, ഫാസിസം, മുസ്ലിം സ്ത്രീ, ഫെമിനിസം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി എഴുത്തുകാരിയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും അധ്യാപികയുമായ ജെ. ദേവിക. ഹിജാബ് എങ്ങനെ ധരിക്കണമെന്ന് അവര്‍ ലോകം മുഴുവനുമുള്ള സ്‌റ്റൈല്‍ നോക്കുന്നു. കേരളത്തില്‍ കൂടുതല്‍ ഉള്ളത് കൂടുതലും മലേഷ്യന്‍ രീതിയാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വസ്ത്രധാരണ രീതിയെക്കുറിച്ച് അവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യട്ടെ. യഥാര്‍ഥത്തില്‍ സാരി ഇന്ത്യന്‍ വസ്ത്രമേയല്ല. അത് അടിച്ചേല്‍പ്പിക്കുമ്പോഴില്ലാത്ത ഭയമെന്തിനാണ് മുസ്ലിം വിഭാഗത്തിന്റെ കാര്യത്തിലുള്ളത്.
മുസ്ലിംകളെ ഇത്രമേല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പുറത്തു നിന്നുള്ള പരിഷ്‌കരണം അടിച്ചേല്‍പ്പിച്ചാല്‍ അത് മുസ്ലീം സ്ത്രീകള്‍ക്ക് നെഗറ്റീവായിട്ടാകും വരികയെന്നും ദേവിക പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജെ ദേവിക.

മുഖം മറച്ചതുകൊണ്ട് അവരുടെ കഴിവുകള്‍ ഇല്ലാതാകുന്നില്ല. മുസ്ലിം സ്ത്രീകള്‍ അവരുടെ ഐഡന്റിറ്റി കാണിക്കാനാണ് നിഖാബ് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്പൂതിരി സ്ത്രീകളുടെ കാര്യം അങ്ങനെയായിരുന്നില്ല. അവരെ കാണാന്‍ പോലും പാടില്ലെന്നായിരുന്നു. ആഗോള തലത്തില്‍ ശ്രദ്ധിച്ചാല്‍ മനസിലാകും അവരില്‍ പുരുഷന്‍മാരും സ്ത്രീകളും ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രധാരണ രീതിയുള്ളവരാണ്. റിലീജിയസായ ആളുകളുടെ കാര്യമാണ് പറഞ്ഞത്. നമ്പൂതിരി സ്ത്രീകളെ ആരും കാണരുത് എന്നായിരുന്നു. മുസ്ലിം സ്ത്രീകളെ നിഖാബോടെ കാണുക എന്നത് പ്രശ്‌നമല്ല. നിഖാബിടുന്നത് പൊതുദര്‍ശനത്തിന് പോകാന്‍ വേണ്ടിയാണ്. നമ്പൂതിരി സ്ത്രീകള്‍ക്ക് അങ്ങനെയല്ല. നിങ്ങള്‍ അവരെ കണ്ടുകൂടാ എന്നായിരുന്നു. മറക്കുടയും പൊതയും ആയി പോകുമ്പോള്‍ അവരെ കണ്ടുപോയാല്‍ നമ്പൂതിരി സ്ത്രീകള്‍ ജാതിയില്‍ നിന്ന് പുറത്താണ്. അവരെ സ്മാര്‍ത്തവിചാരം ചെയ്ത് അവരെ പുറത്താക്കും. പടിയടച്ച് പിണ്ഡം വെക്കും- അവര്‍ അഭിപ്രായപ്പെട്ടു.

ബിരിയാണി എന്ന സിനിമയില്‍ കനി കുസൃതി അഭിനയിച്ചത് വേണ്ടത്ര ആലോചിക്കാതെയാണെന്നും ദേവിക പറഞ്ഞു. കനി എനിക്ക് വേണ്ടപ്പെട്ട കുട്ടിയാണ്. കനിയോട് തന്നെ അക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. വയസുകാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഫാസിസ്റ്റിന് വേണ്ടി സിനിമ ചെയ്തുവെന്ന് തോന്നല്‍ ഉണ്ടാവരുത്. എനിക്ക് അത്രേയുള്ളൂ. ഇതേ യുക്തിയായിരിക്കും നാസി കാലത്ത് ലെനി റെയ്‌സണ്‍ സാലിന്റെയൊക്കെ സിനിമയില്‍ പങ്കെടുത്ത ആളുകള്‍ ചിന്തിച്ചിട്ടുണ്ടാവുക. തങ്ങള്‍ക്ക് ഒരു ജോലിയല്ലേ, അത് ചെയ്താലെന്താ എന്നായിരിക്കും അവര്‍ ചിന്തിക്കുക. പക്ഷേ, നാസിസത്തിന്റെ കാലം കഴിയുമ്പോള്‍ നാസി പദ്ധതിയില്‍ നമുക്കതിലൊരു കൈയുണ്ടായിരുന്നു എന്ന് വന്നാല്‍ നല്ലതല്ലല്ലോ. ആ കുട്ടി നാസിസ്റ്റ് ആണെന്ന ബോധത്തോടുകൂടി അതിലെടുത്ത് ചാടിയതല്ലല്ലോ. അതിനെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെയാണ് എടുത്ത് ചാടിയത്. നടിയെന്ന നിലക്ക് ഒരു വേഷം ചെയ്യുന്നതുകൊണ്ട് ഒരു തെറ്റുമില്ല.

ഫാസിസ്റ്റ് പറയുന്നതുപോലെ അഭിനയിച്ചാല്‍ മാത്രമേ എനിക്കുണ്ടാവുകയുള്ളൂ എന്നുണ്ടെങ്കില്‍ അത് ഞാന്‍ വേണ്ടെന്ന് വെക്കും. ആ കുട്ടി അത് ചിന്തിക്കാതെ പോയി പെട്ടതാണ്. ഇടക്ക് കുറച്ച് സ്ത്രീകള്‍ സിനിമയില്‍ വന്നിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ കുറവ് വന്നതായി തോന്നാറുണ്ട്. സിനിമയില്‍ ഉയര്‍ന്ന തട്ടില്‍ മാത്രമല്ല എല്ലാ തട്ടിലും സ്ത്രീകള്‍ വരണം. ഇപ്പോള്‍ സിനിമയില്‍ അത്ര സുന്ദരിമാരൊന്നും അല്ല അഭിനയിക്കുന്നത്. മേക്കപ്പിട്ടാല്‍ ഏത് സ്ത്രീക്കും സുന്ദരിയാവാം. നമ്മുടെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ പോലുള്ളവരാണല്ലോ ഇപ്പോള്‍ സിനിമയില്‍ അത് വലിയ മാറ്റമാണെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.
activist j devika talks about muslim women and hijab


