12
Jun 2026
Mon
12 Jun 2026 Mon
iran team in us

ലോസ് ആഞ്ചലസ്: രാഷ്ട്രീയ സംഘര്‍ഷങ്ങളും വിസ പ്രശ്‌നങ്ങളും തങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകളെ സാരമായി ബാധിച്ചുവെന്ന് ഇറാന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ അമീര്‍ ഗാലെനോയി. എങ്കിലും മൈതാനത്തിന് പുറത്തെ ഇത്തരം പുകിലുകള്‍ക്കൊന്നും തങ്ങള്‍ ലവലേശം വിലകല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന യുദ്ധാന്തരീക്ഷത്തിന് ഒടുവില്‍ കടുത്ത നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇറാന്‍ ടീം ലോകകപ്പിനായി അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടീമിലെ ചില സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് വിസ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ച ലോസ് ആഞ്ചലസില്‍ വെച്ച് ന്യൂസിലാന്‍ഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഒരു രാജ്യം, തങ്ങളുമായി യുദ്ധത്തിലുള്ള മറ്റൊരു രാജ്യത്തിന്റെ മത്സരത്തിന് വേദിയാകുന്നത്. ഇറാന്റെ ഭരണകൂടത്തിന് എതിരെ യു.എസിലുള്ള ഇറാന്‍ പ്രവാസികള്‍ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധത്തിന് പദ്ധതിയിട്ടിട്ടുണ്ട്. ഗാലറിയില്‍ വിരുദ്ധ ബാനറുകള്‍ ഉയര്‍ന്നാല്‍ ഇറാന്‍ ടീം കളം വിട്ടേക്കുമെന്ന സൂചനകളുമുണ്ട്.

എന്നാല്‍, തങ്ങള്‍ ഇവിടെ എത്തിയത് മികച്ചൊരു മത്സരം കാഴ്ചവെക്കാനാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ ശ്രദ്ധിക്കുന്നില്ലെന്നും എ.എഫ്.പി വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് മറുപടിയായി ഗാലെനോയി പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, ഫുട്‌ബോളിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്. ലോകമെമ്പാടുമുള്ള ഇറാന്‍ ജനതയെ പ്രതിനിധീകരിക്കാനാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പുവെച്ചെന്ന പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിന് ശേഷമായിരുന്നു കോച്ചിന്റെ വാര്‍ത്താസമ്മേളനം.

ഫിഫയുടെ സന്ദേശം തകരുന്നു: മെഹ്ദി താരെമി

ഇറാന്‍ ടീം മാത്രമല്ല, മറ്റ് പലരും ഇത്തരം രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഇറാന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മെഹ്ദി താരെമി (Mehdi Taremi) വ്യക്തമാക്കി. ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന സൊമാലിയന്‍ റഫറി ഒമര്‍ അര്‍താന് (Omar Artan) യു.എസ് വിസ നിഷേധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇത്തരം സംഘര്‍ഷങ്ങള്‍ ലോകകപ്പിന്റെ സന്തോഷം കെടുത്തുകയാണ്. ഫുട്‌ബോളിലൂടെ സമാധാനം എന്ന ഫിഫയുടെ സന്ദേശത്തിന് തന്നെ ഇത് വിരുദ്ധമാണ്. അമേരിക്കയില്‍ എത്തിയത് മുതല്‍ ഈ കടുത്ത സമ്മര്‍ദ്ദം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്,’ താരെമി തന്റെ നിരാശ മറച്ചുവെച്ചില്ല.

പ്രതിസന്ധികളെ അവസരമാക്കും

യഥാര്‍ത്ഥത്തില്‍ യു.എസിലായിരുന്നു ഇറാന്റെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിസ പ്രശ്‌നങ്ങള്‍ കാരണം അവസാന നിമിഷം ഇത് മെക്‌സിക്കോയിലെ തിജുവാനയിലേക്ക് (Tijuana) മാറ്റേണ്ടി വന്നു.

കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയതിനാല്‍ കൃത്യമായ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ടീമിന് സാധിച്ചിട്ടില്ല. എന്നാല്‍ കഠിനമായ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നവരാണ് ഇറാനികളെന്നും, തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്ക് സന്തോഷം നല്‍കാന്‍ കളിക്കാര്‍ ജീവന്‍മറന്ന് പോരാടുമെന്നും കോച്ച് ഗാലെനോയി പ്രത്യാശ പ്രകടിപ്പിച്ചു. ബെല്‍ജിയം, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പ് ജിയില്‍ ഇറാന്റെ മറ്റ് എതിരാളികള്‍. ഇതുവരെ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കടക്കാന്‍ ഇറാന് സാധിച്ചിട്ടില്ല.

Iran team Lands In US For World Cup 2026 Match

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക