22
Sep 2022
Mon
22 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോധ്ര: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാവുകയും മൂന്ന് മാസമായ പെൺകുഞ്ഞടക്കം ഏഴ് കുടുംബാംഗങ്ങൾ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത ബിൽകീസ് ​​ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൽനട മാർച്ച് നടത്താനിരുന്ന ആക്ടിവിസ്റ്റടക്കം നാലു പേരെ അറസ്റ്റ് ചെയ്ത് ​പൊലീസ്. സാമൂഹ്യപ്രവർത്തകനായ സന്ദീപ് പാണ്ഡെയെയും മറ്റ് മൂന്ന് പേരെയുമാണ് ​ഗോധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് നടത്താനിരുന്ന കാൽനട മാർച്ചിന് മുന്നോടിയായാണ് അറസ്റ്റ്.

 

‘ഹിന്ദു- മുസ്‌ലിം ഏകതാ സമിതി’യുടെ നേതൃത്വത്തിൽ രമൺ മഗ്‌സസെ അവാർഡ് ജേതാവ് കൂടിയായ പാണ്ഡെയടക്കമുള്ളവർ ‘ബിൽക്കീസ് ബാനുവിനോട് മാപ്പ് പറയുന്നു’ എന്ന ശീർഷകത്തിൽ നടത്താനിരുന്ന കാൽനട ജാഥയ്ക്ക് മുമ്പാണ് അറസ്റ്റ്. ജാഥ ബിൽകീസ് ബാനുവിന്റെ സ്ഥലമായ ദാഹോദ് ജില്ലയിലെ രൺധിക്പൂരിൽ നിന്ന് പുറപ്പെടാനാണ് പദ്ധതിയിട്ടിരുന്നത്. ഒക്ടോബർ നാലിന് അഹമ്മദാബാദിലായിരുന്നു മാർച്ചിന്റെ സമാപനം നിശ്ചയിച്ചിരുന്നത്.

 

എന്നാൽ, ഞായറാഴ്ച രാത്രി 10.30ഓടെ ഗോധ്രയിൽ നിന്ന് സന്ദീപ് പാണ്ഡെയെയും മറ്റ് മൂന്ന് പേരെയും ​ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവർ ഇപ്പോഴും തടങ്കലിലാണെന്ന് ബി-ഡിവിഷൻ പൊലീസ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. അതേസമയം, പൊലീസ് നടപടിയെ ഹിന്ദു- മുസ്‌ലിം ഏകതാ സമിതി അപലപിച്ചു.

 

ബിൽകീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ കഴിഞ്ഞ ആഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ബിൽകീസിനോ‌ട് ക്ഷമ ചോദിക്കാൻ മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂവെന്നും സമാധാനപരമായ സംസ്ഥാനമായ ഗുജറാത്തിൽ ഇത്തരം ഹീനമായ പ്രവൃത്തികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.

 

ബിൽകീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും അവരുടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയതിനും പ്രതികൾ ഗോധ്ര സബ് ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാൾ സമർപ്പിച്ച ഹരജി പരി​ഗണിച്ച സുപ്രിംകോടതി വിഷയത്തിൽ തീരുമാനമെടുക്കാൻ ​ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ് 11 പ്രതികളേയും ​ഗുജരാത്ത് ബിജെപി സർക്കാർ വിട്ടയച്ചത്.