28
Jul 2023
Fri
28 Jul 2023 Fri

തിരുവനന്തപുരം: ബിജെപിയിൽ നിന്നും രാജി വച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. ബിജെപി പ്രവർത്തകനായിരുന്ന നടൻ ഇന്ന് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് നടൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേതൃത്വവുമായുള്ള ഭിന്നതകൾ കാരണം ബിജെപി വിട്ട് സിപിഎമ്മുമായി സഹകരിക്കുമെന്ന് നടൻ നേരത്തേ പറഞ്ഞിരുന്നു. സിപിഎം നേതൃത്വത്തോട് ഇതുസംബന്ധിച്ച് താൽപര്യവും ഭീമൻ രഘു അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഭീമൻ രഘു ഇപ്പോൾ എകെജി സെന്ററിലെത്തിയത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ് ഭീമൻ രഘു എകെജി സെന്ററിൽ എത്തിയത്. തന്നെ ചുവന്ന പൊന്നാട സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് അണിയിച്ചതെന്ന് നടൻ പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും എകെജി സെന്ററിലുണ്ടായിരുന്നു. ബിജെപി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഭീമൻ രഘു പറഞ്ഞു.

‘ആദർശപരമായ വിയോജിപ്പ് കാരണമാണ് ഞാൻ ബിജെപി വിട്ടത്. ചിന്തിക്കുന്നവർക്ക് ഇരിക്കാൻ പറ്റിയ സ്ഥലമല്ല ബിജെപി വിജയിക്കാനല്ല, മറിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയെന്ന ആശയമാണ് എന്റെ മനസിലുള്ളത്. ബിജെപിയിൽ വന്നു കയറിയപ്പോഴും അതുണ്ടായിരുന്നു. പക്ഷേ അതിനുള്ള ഒരു തട്ട് അവർ തന്നില്ല. അർഹിക്കുന്ന ഒരു സ്ഥാനവും തന്നില്ല. ആകെ കിട്ടിയത് ഇലക്ഷന് നിൽക്കാൻ പറ്റിയെന്നുള്ളത് മാത്രമാണ്’- ഭീമൻ രഘു വിശദമാക്കി.

ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല. 2014ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കേരളത്തിൽ ബിജെപി രക്ഷപെടില്ല. തന്റെ പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപി ചേട്ടനെ വിളിച്ചെങ്കിലും പിഎയാണ് ഫോൺ എടുത്തത്.

അവസാനത്തെ തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മാനസികമായി ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം. താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാലേ പച്ചപിടിക്കാൻ ബിജെപിക്കാവൂ. സിപിഎമ്മാണ് കേരളത്തിൽ ആ നിലയിൽ പ്രവർത്തിക്കുന്നത്.

13000 വോട്ട് തനിക്ക് പിടിക്കാനായി. മുൻപ് 2000 വോട്ട് മാത്രമാണ് അവിടെ കിട്ടിയിരുന്നതെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു. നേരത്തേ നടനും സംവിധായകനുമായ രാജസേനനും ഇത്തരത്തിൽ ബിജെപി വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.