24
Dec 2024
Mon
24 Dec 2024 Mon
thrissoor pooram disruption news

തൃശൂര്‍ പൂരം കലക്കിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും തിരുവമ്പാടി ദേവസത്തിന്റെ മേല്‍ ചുമത്തി എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. (ADGP’s report says Thiruvambadi Devaswom disrupted Pooram)  പൂരം കലക്കാന്‍ തിരുവമ്പാടി ദേവസ്വം മുന്‍കൂട്ടി തീരുമാനം എടുത്തിരുന്നു. സുന്ദര്‍ മേനോന്‍, ഗിരീഷ് കുമാര്‍, വിജയമേനോന്‍, ഉണ്ണികൃഷ്ണന്‍, രവി എന്നിവര്‍ ഇതിനായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂരം കലക്കിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് താല്‍പര്യപ്രകാരമാണെന്നും പോലീസ് അതിന് കൂട്ടുനിന്നെന്നും നേരത്തേ ആരോപണങ്ങളുയര്‍ന്നെങ്കിലും എഡിജിപിയുടെ റിപോര്‍ട്ടില്‍ അതേക്കുറിച്ചൊന്നും പറയുന്നില്ല. തിരുവമ്പാടി പൂരം കലക്കിയത് തല്‍പരകക്ഷികളുടെ താല്‍പര്യപ്രകാരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ബി.ജെ.പിയെ കുറിച്ച് പരാമര്‍ശമില്ല. ബി.ഗോപാലകൃഷ്ണന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവരുടെ പേരുകള്‍ മൊഴികളില്‍ മാത്രമാണുള്ളത്. സൂരേഷ് ഗോപി അര്‍ധരാത്രിയില്‍ സ്ഥലത്തെത്തിയതിന്റെ ദുരൂഹതകളെക്കുറിച്ചും റിപോര്‍ട്ട് മിണ്ടുന്നില്ല.

മുന്‍ നിശ്ചയിച്ച പ്രകാരം പൂരം നിര്‍ത്തി വച്ചതായി തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തു വിടാതിരുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് ചില ചാനലുകളാണ് ഇന്ന് പുറത്തുകൊണ്ടുവന്നത്.

ALSO READ: ആര്‍എസ്എസ് പ്രചാരകനായ അജിത് കുമാറിനെ സര്‍ക്കാര്‍ തൊടില്ല; കോടതിയെ സമീപിക്കുമെന്ന് പിവി അന്‍വര്‍

ജില്ലാ ഭരണകൂടത്തിനും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന് ഒരു കാരണവശാലും നിയമപരമായി നടപ്പിലാക്കുവാന്‍ സാധ്യമല്ലായെന്ന് പൂര്‍ണമായും മനസ്സിലാക്കി തങ്ങളുടെ ഏതോ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി തിരുവമ്പാടി ദേവസ്വം പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ സംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെച്ചത്. തൊടുന്യായങ്ങള്‍ ഉന്നയിച്ച് മനഃപൂര്‍വ്വം പൂരം അട്ടിമറിക്കുകയാണ് ചെയ്തതെന്ന് സുവ്യക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സാക്ഷിമൊഴികളുടെയും രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊലീസ് പൂരം തടയുകയോ, ആചാരലംഘനം നടത്തുകയോ, പൂരത്തിനൊപ്പമുള്ള കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകളെ തടയുകയോ ചെയ്തിട്ടില്ല. സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടു വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ലഭിച്ച അവസരം സര്‍ക്കാര്‍ വിരുദ്ധരും തല്‍പ്പര കക്ഷികളും സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, തൃശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ പൊലീസിന്റെ അനാവശ്യമായ നടപടികളാണെന്നു ചൂണ്ടിക്കാട്ടി തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസിന്റെ നടപടി കാരണമില്ലാതെയും അടിസ്ഥാനമില്ലാതെയുമായിരുന്നുവെന്നും തിരുവമ്പാടിയുടെ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സഹിതം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. പൊലീസിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.