25
Jul 2026
Sat
25 Jul 2026 Sat
West Bengal mandir masjid controversy

പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ 650 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അദീന മസ്ജിദില്‍ (Adina Masjid) അധിനിവേശം നടത്തി നിര്‍മ്മിച്ച ‘അദീനാഥ് ക്ഷേത്രം’ വീണ്ടെടുക്കണമെന്ന അവകാശവാദവുമായി ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘടന രംഗത്ത്. വരുന്ന തിങ്കളാഴ്ച പള്ളിക്ക് പുറത്ത് വലിയ ശിവലിംഗം സ്ഥാപിക്കാനാണ് ‘അദീനാഥ് പുരാതന്‍ ശിവമന്ദിര്‍’ എന്ന സംഘടനയുടെ തീരുമാനം. ഇതോടെ സംസ്ഥാനത്ത് മറ്റൊരു മന്ദിര്‍-മസ്ജിദ് തര്‍ക്കത്തിന് വഴിതുറന്നിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1373 എ.ഡിയില്‍ സിക്കന്ദര്‍ ഷാ നിര്‍മ്മിച്ച മാള്‍ഡ പാണ്ഡുവയിലെ അദീന മസ്ജിദ്, മധ്യകാലഘട്ടത്തില്‍ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ പള്ളിയായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI) കണക്കാക്കുന്നത്. എന്നാല്‍, ഭഗവാന്‍ ശിവന് സമര്‍പ്പിക്കപ്പെട്ട ‘അദീനാഥ് ക്ഷേത്രം’ തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നാണ് ബി.ജെ.പിയുടെയും ഹൈന്ദവ സംഘടനകളുടെയും അവകാശവാദം.

‘മസ്ജിദില്‍ ഹൈന്ദവ, ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത്. ക്ഷേത്രം വീണ്ടെടുത്ത് ശിവലിംഗം ഉള്ളില്‍ പ്രതിഷ്ഠിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നിലവില്‍ നിയമം പാലിച്ചു കൊണ്ട് പള്ളിക്ക് പുറത്ത് പൂജ നടത്താന്‍ എ.എസ്.ഐയും പൊലീസും അനുമതി നല്‍കിയിട്ടുണ്ട്,’ ബി.ജെ.പി നോര്‍ത്ത് ബംഗാള്‍ ഗുഡ് ഗവേണന്‍സ് വിങ് കണ്‍വീനറും അദീനാഥ് പുരാതന്‍ ശിവമന്ദിര്‍ രക്ഷാധികാരിയുമായ കാജല്‍ ഗോസ്വാമി പറഞ്ഞു.

ALSO READ: പരീക്ഷ ചോര്‍ച്ചയ്ക്ക് 10 വര്‍ഷം വരെ തടവും 10 കോടി പിഴയും: കടുപ്പമേറിയ പുതിയ നിയമത്തിന് കേന്ദ്രാനുമതി

വിഷയത്തില്‍ എ.എസ്.ഐ സര്‍വേ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉടന്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. താരകേശ്വറില്‍ നിന്ന് 1.5 ടണ്‍ ഭാരവും 3.6 അടി ഉയരവുമുള്ള ശിവലിംഗമാണ് പള്ളിക്ക് പുറത്ത് സ്ഥാപിക്കാനായി എത്തിക്കുന്നത്.

സുരക്ഷ ശക്തമാക്കി പൊലീസും എ.എസ്.ഐയും

അദീന മസ്ജിദ് കേന്ദ്ര സംരക്ഷിത സ്മാരകമാണെന്നും പള്ളിക്കുള്ളില്‍ ഒരു തരത്തിലുള്ള മതപരമായ ചടങ്ങുകളോ പൂജകളോ അനുവദിക്കില്ലെന്നും എ.എസ്.ഐ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ല.

1958-ലെ പുരാവസ്തു നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകമായതിനാല്‍ പ്രദേശത്ത് അതിക്രമിച്ചു കയറി പ്രാര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മാള്‍ഡ ജില്ലാ പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്ഥലത്ത് പൊലീസ്, എ.എസ്.ഐ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലും വിഷയം ഉന്നയിച്ച് ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കഴിഞ്ഞ ഡിസംബറില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എം.പിയുമായ ശമിക് ഭട്ടാചാര്യ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. പണ്ടുമുതലേ ഇവിടെ ആരാധന നടന്നിരുന്നതായി മറ്റൊരു ബി.ജെ.പി എം.പിയായ രാഹുല്‍ സിന്‍ഹയും അവകാശപ്പെട്ടു. അയോധ്യയിലെ ബാബരി മസ്ജിദ് തര്‍ക്കത്തിന് സമാനമായ സാഹചര്യമാണ് ഇവിടെയെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമെന്ന് സി.പി.എം

ബംഗാളില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ പതിവ് അജണ്ടയാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീം വിമര്‍ശിച്ചു.

‘ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഏതെങ്കിലും പ്രദേശത്ത് സ്വാധീനം ലഭിച്ചാല്‍ അവര്‍ ആദ്യം ചെയ്യുന്നത് ഇതാണ്. ആദ്യം മതപരമായ ചടങ്ങുകള്‍ തുടങ്ങും, തുടര്‍ന്ന് ജനങ്ങളെ ഭിന്നിപ്പിച്ച് സംഘര്‍ഷമുണ്ടാക്കും. ബാബരി മസ്ജിദിനും ഭോജ്ശാലയ്ക്കും ശേഷം ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ അതേ രീതി ബംഗാളിലും വ്യാപിപ്പിക്കാനാണ് അവരുടെ ശ്രമം,’ മുഹമ്മദ് സലീം പറഞ്ഞു.

എ.എസ്.ഐ വിവരങ്ങള്‍ പ്രകാരം ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ സിക്കന്ദര്‍ ഷായാണ് 1373-ല്‍ അദീന മസ്ജിദ് പണിതീര്‍ത്തത്. ബംഗാളിലെയും ഉപഭൂഖണ്ഡത്തിലെയും തന്നെ ചരിത്രപ്രാധാന്യമുള്ള പ്രധാന നിര്‍മ്മിതികളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

Tags:
Adina Masjid row, West Bengal mandir masjid controversy, Adinath Shiv Mandir Malda, Bengal BJP Shiva Lingam, Malda Adina Mosque ASI, BJP West Bengal news Malayalam, West Bengal Assembly election news

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക