25
Nov 2024
Fri
25 Nov 2024 Fri
POLICEWOMEN MURDER

കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ പൊലീസുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജേഷ് നേരെ പോയത് ബാറിലേക്ക്. പുതിയ തെരുവിലെ ബാറിന് സമീപത്ത് വച്ച് വളപട്ടണം പോലീസാണ് പ്രതിയെ കസ്റ്റിഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെ ആണ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വളപട്ടണം പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദിവ്യശ്രീയുടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള വെട്ടേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ ദിവ്യശ്രീ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. വ്യാഴാഴ്ച ആറുമണിയോടെയാണ് സംഭവമുണ്ടായത്.

ALSO READ: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ദിവ്യശ്രീയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയവേ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വാസുവിനെ ഉടന്‍തന്നെ കണ്ണൂര്‍ ചാലയിലെ ബി.എം. എച്ച് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ പൊലീസ് ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടില്‍ എത്തിയത്. കൊലപാതകം നടന്ന ദിവസം തന്നെയാണ് കണ്ണൂര്‍ കുടുംബ കോടതിയില്‍ ദിവ്യശ്രീയും രാജേഷും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിച്ചത്. വിവാഹമോചന കേസ് നല്‍കിയതിനെ തുടര്‍ന്ന് രാജേഷ് നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.

കുടുംബ കോടതിയിലെ കേസ് പരിഗണനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഉടന്‍ തന്നെ രാജേഷ് ഒരു കുപ്പി പെട്രോളും ഒരു കൊടുവാളുമായി ബൈക്കില്‍ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.

ദിവ്യശ്രീയുടെ പിതാവായ വാസു, റിട്ടയേര്‍ഡ് മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ്. അമ്മ പാറു, റിട്ടയേര്‍ഡ് ജില്ലാ നഴ്‌സിങ് ഓഫീസറായിരുന്നു. ദിവ്യശ്രീയുടെ സഹോദരി പ്രബിത ചെറുപുഴ എസ്ബിഐയില്‍ ജോലി ചെയ്യുന്നു. രാജേഷ്-ദിവ്യശ്രീ ദമ്പതികള്‍ക്ക് ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുമുണ്ട്.