29
Mar 2023
Mon
29 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകന്റെ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ദാരുണാന്ത്യം. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഹിമാചല്‍ പ്രദേശിലെ ധര്‍മശാല സ്വദേശിനിയായ അര്‍ച്ചന ധിമാനാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് മലയാളിയായ കാമുകന്‍ ആദിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
28 കാരിയായ അര്‍ച്ചന കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഒരു ഡേറ്റിങ് ആപ്പിലൂടെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ആദിഷിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി.എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. നിരന്തരം പ്രശ്നങ്ങളുണ്ടാകുന്നതോടെ ബന്ധം അവസാനിപ്പിക്കാനായിരുന്നു അര്‍ച്ചനയുടെ തീരുമാനം. ഇക്കാര്യം സംസാരിക്കാനായാണ് ദുബായിയില്‍ നിന്ന് അര്‍ച്ചന ബാംഗ്ലൂരിലെത്തിയത്. ആദിഷിന്റെ ഫ്ളാറ്റിലെത്തിയ ശേഷമാണ് നാലാം നിലയിലെ ഇടനാഴിക്ക് സമീപം വെച്ച് യുവതി താഴേയ്ക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദിഷ് തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. തങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അര്‍ച്ചന ഫ്ളാറ്റില്‍ നിന്ന് താഴേയ്ക്ക് വീണെന്നുമാണ് ആദിഷ് പൊലീസിനോട് പറഞ്ഞത്. ഇതോടെ ആത്മഹത്യയാണെന്ന രീതിയിലായിരുന്നു പൊലീസ് അന്വേഷണം. എന്നാല്‍ അര്‍ച്ചന വീണ സ്ഥലം പരിശോധിച്ച പൊലീസ് ഇവിടേക്ക് ചാടുന്നത് അത്ര എളുപ്പമല്ലെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആദിഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ച്ചനയുമായി പ്രണയത്തിലായിരുന്നുവെന്നും വഴക്കുണ്ടായെന്നും ഇയാള്‍ സമ്മതിച്ചു.

ബെംഗളൂരുവില്‍ എയര്‍ ഹോസ്റ്റസായിരുന്ന അര്‍ച്ചനയ്ക്ക് പിന്നീട് ഒരു അന്താരാഷ്ട്ര കമ്പനിയില്‍ എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ചു. ഇതിന് പിന്നാലെയാണ് ആദിഷുമായി വഴക്കുണ്ടായത്.