ഇസ്രായേലി ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്‌സ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെയും അദ്ദേഹം വീഡിയോയില്‍ വിമര്‍ശിച്ചു. കൂടാതെ, പലസ്തീന്‍ പോരാളികള്‍ തടവിലാക്കിയവരെ കൊല്ലാന്‍ നെതന്യാഹുവിനെ സഹായിക്കരുതെന്നും അദ്ദേഹം യുഎസ് പ്രസിഡന്‍ഷ്യല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്‌കോഫിനോട് അഭ്യര്‍ത്ഥിച്ചു.
|
‘നെതന്യാഹുവിന്റെ പിടിവാശി കാരണം, 700 ദിവസത്തിലധികമായി ഗാസ സിറ്റിയില്‍ തടവിലായിരിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അലോണ്‍ ഒഹാം എന്ന ബന്ദിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേലി ജനങ്ങള്‍ക്കും തടവുകാര്‍ക്കുമെതിരായ യുദ്ധത്തില്‍ ‘ഭ്രാന്തനായ നെതന്യാഹുവിന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്ന്’ ഒഹാം അമേരിക്കയോട് ആവശ്യപ്പെട്ടു. ഇത്തരം നയങ്ങള്‍ ദുരന്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തടവുകാരെ ‘നൂതന മാര്‍ഗ്ഗങ്ങളിലൂടെ’ തിരികെ കൊണ്ടുവരുമെന്ന നെതന്യാഹുവിന്റെ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട്, ‘ഇനിയും ആരെങ്കിലും നെതന്യാഹുവിനെ വിശ്വസിക്കുന്നുണ്ടോ?’ എന്ന് ഒഹാം ചോദിച്ചു. തന്റെ കുടുംബത്തിന് അദ്ദേഹം ഒരു വികാരപരമായ സന്ദേശവും നല്‍കി. ബെന്‍-ഗ്വിറിന്റെ പോലീസ് തടവുകാരുടെ ബന്ധുക്കളെ കുറ്റവാളികളെപ്പോലെയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തടവുകാര്‍ക്ക് ‘പ്രത്യാശയും ശക്തിയും’ നല്‍കുന്നതിനാല്‍ പ്രതിഷേധങ്ങളും കുത്തിയിരിപ്പ് സമരങ്ങളും തുടരണമെന്നും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.
ALSO READ: ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സും; പിന്തുണയുമായി 150ലേറെ രാജ്യങ്ങള്‍
അതേസമയം, തടവുകാരെ ഇല്ലാതാക്കാനാണ് നെതന്യാഹുവിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഒഹാം ആരോപിച്ചു. ‘ഞങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടതാണെന്നും ഇത് ഞങ്ങളുടെ അവസാന നാളുകളാണെന്നും നിങ്ങള്‍ക്കറിയാം. ഇസ്രായേലി തടവുകാര്‍ ഈ സര്‍ക്കാരിന് ഒരു ഭാരമായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ തടയാന്‍ ‘ആവശ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും’ ഉപയോഗിക്കണമെന്ന് അദ്ദേഹം കുടുംബങ്ങളോട് അപേക്ഷിച്ചു.
‘സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിച്ചത്.
കഴിഞ്ഞ ആഴ്ച, ഗാസ സിറ്റിയില്‍ ഒരു ‘നീണ്ട യുദ്ധത്തിന്’ സാധ്യതയുണ്ടെന്ന് ഖസ്സാം ബ്രിഗേഡ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലി സൈനികര്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും, ‘രക്തസാക്ഷികളുടെ ഒരു സൈന്യത്തെ’യും ആയിരക്കണക്കിന് കെണികളും സ്‌ഫോടകവസ്തുക്കളും തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ പ്രഖ്യാപിച്ചു. ഗസയിലെ ഇസ്രായേലി കരസേന ഓപ്പറേഷന്‍ കൊണ്ട് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ തടവുകാരെ തിരികെകൊണ്ട് പോകാമെന്ന് വ്യമോഹിക്കേണ്ടെന്നും ഖസ്സാം ബ്രിഗേഡ്‌സ് പ്രഖ്യാപിച്ചിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ്, 47 ഇസ്രായേലി തടവുകാരുടെ ഒരു കൊളാഷ് ഖസ്സാം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഇവരെല്ലാം ‘റോണ്‍ അറദ്’ എന്ന് ലേബല്‍ ചെയ്തിരുന്നു. 1986-ല്‍ ലെബനനില്‍ പിടിയിലാവുകയും പിന്നീട് അമല്‍ മൂവ്മെന്റും ഹിസ്ബുള്ളയും തടവിലാക്കിയതിന് ശേഷം അപ്രത്യക്ഷനാവുകയും ചെയ്ത ഇസ്രായേലി പൈലറ്റാണ് റോണ്‍ അറദ്. ഇസ്രായേലിന്റെ ഗാസ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത് ഒരു പ്രതീകാത്മക ‘വിടവാങ്ങല്‍’ ആണെന്നാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെട്ടത്.
ഗാസയില്‍ 48 ഇസ്രായേലി പൗരന്മാര്‍ തടവിലുണ്ടെന്നാണ് ഇസ്രായേല്‍ കണക്കാക്കുന്നത്, അതില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ട്. അതേസമയം, ഏകദേശം 11,100 പലസ്തീനികള്‍ ഇസ്രായേലി ജയിലുകളില്‍ തടവിലാണ്. പീഡനം, പട്ടിണി, വൈദ്യസഹായം നിഷേധിക്കല്‍ തുടങ്ങിയ കടുത്ത സാഹചര്യങ്ങളിലാണ് ഇവര്‍ കഴിയുന്നത്. ഇതില്‍ പലരും മരിച്ചതായി പലസ്തീന്‍, ഇസ്രായേലി മനുഷ്യാവകാശ സംഘടനകള്‍ അറിയിക്കുന്നു.


