23
Sep 2023
Sat
23 Sep 2023 Sat

റിയാദ്: ഇന്ന് സൗദി ലീഗില്‍ കണ്ട മത്സരം ഏത് ഫുട്‌ബോള്‍ പ്രേമിയേയും ആവേശത്തില്‍ ആക്കിയ മത്സരമായിരുന്നു. ജിദ്ദയില്‍ അല്‍ ഇത്തിഹാദും അല്‍ ഹിലാലും ഏറ്റുമുട്ടിയപ്പോള്‍ പിറന്നത് തീപ്പാറിയ പോരാട്ടമാണ്. അല്‍ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അല്‍ ഹിലാല്‍ 1-3ന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അല്‍ ഇത്തിഹാദിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.
ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടില്‍ റൊമാരിനോയുടെ ഗോളിലൂടെ ഇത്തിഹാദ് ആണ് ലീഡ് എടുത്തത്. ഇതിന് 20ാം മിനുട്ടില്‍ മിട്രോവിചിന്റെ വക സമനില ഗോള്‍ വന്നു. അല്‍ ഇത്തിഹാദ് ഈ സീസണില്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എങ്കിലും ആദ്യ പകുതി ഇത്തിഹാദിനൊപ്പം നിന്നു. 38ആം മിനുട്ടില്‍ കരീം ബെന്‍സീമയിലൂടെ ഇത്തിഹാദ് ലീഡ് തിരികെയെടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹംദള്ളയിലൂടെ അവര്‍ മൂന്നാം ഗോളും നേടി. മിലിങ്കോവിച് സാവിചിന്റെ അബദ്ധത്തില്‍ നിന്നാണ് ഈ ഗോള്‍ വന്നത്. സ്‌കോര്‍ 3-1.
രണ്ടാം പകുതിയില്‍ തീര്‍ത്തും വ്യത്യസ്ഥമായ അല്‍ ഹിലാലിനെ കാണാന്‍ ആയി. 60ആം മിനുട്ടിലെ മിട്രോവിചിന്റെ ഗോള്‍ അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്‌കോര്‍ 3-2. 65ആം മിനുട്ടില്‍ ഹിലാലിന് അനുകൂലമായി പെനാള്‍ട്ടി. അതും മിട്രോവിച് ലക്ഷ്യത്തില്‍ എത്തിച്ച് ഹാട്രിക് തികച്ചു. ഒപ്പം സമനിലയും. സ്‌കോര്‍ 3-3.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ ഹിലാല്‍ എന്നിട്ടും അറ്റാക്ക് തുടര്‍ന്നു. 71ആം മിനുട്ടില്‍ മിലിങ്കോവിച് സാവിചിന്റെ അസിസ്റ്റില്‍ നിന്ന് സൗദി താരം അല്‍ ദാസ്‌റിയിലൂടെ അല്‍ ഹിലാല്‍ കളിയില്‍ ആദ്യമായി ലീഡ് എടുത്തു. ഈ ഗോള്‍ വിജയ ഗോളായും മാറി.ഈ വിജയത്തോടെ അല്‍ ഹിലാലില്‍ ലീഗില്‍ ഒന്നാമത് എത്തി. 12 പോയിന്റുമായി ഒന്നാമത് നിന്നിരുന്ന ഇത്തിഹാദിനെ അല്‍ ഹിലാല്‍ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. അല്‍ ഹിലാലിന് 13 പോയിന്റാണ് ഉള്ളത്.