03
Dec 2023
Thu
03 Dec 2023 Thu

അനാഥനായ വിജയൻ 39 വർഷം മുമ്പാണ് മലപ്പുറത്തെ ഒരുമുസ് ലിം കുടുംബത്തിനൊപ്പം താമസിച്ചുതുടങ്ങിയത്. ഇപ്പോൾ അദ്ദേഹം മരിച്ചപ്പോൾ ഹൈന്ദവാചാരപ്രകാരം അന്ത്യകർമങ്ങൾ ചെയ്തിരിക്കുകയാണ് അലിമോൻ നരണിപ്പുഴയും കുടുംബവും. ചൊവ്വാഴ്ചയാണ് 62ാം വയസ്സിൽ വിതനശ്ശേരി രാജൻ എന്ന ആ അനാഥൻ മരിക്കുന്നത്. പൊതുശ്മശാനത്തിൽ രാജനുവേണ്ടി ചിതയൊരുക്കിയ അലിമോൻ നരണിപ്പുഴ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് സ്വദേശിയായ രാജന് ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായി. തുടർന്ന് വീടുവിട്ടിറങ്ങി. മലപ്പുറത്തെ സാമൂഹിക പ്രവർത്തകനും കോൺ​ഗ്രസിന്റെ പ്രാദേശിക നേതാവുമായ കെ വി മുഹമ്മദ് പുത്തനത്താണിയിലെ വഴിയോരക്കടയിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തുമ്പോഴാണ് ആരോരുമില്ലാത്ത രാജനെ കാണുന്നത്. മുഹമ്മദ് രാജന് ഭക്ഷണം വാങ്ങി നൽകുകയും നാട്ടിലേക്ക് പോവുന്നതിനുള്ള യാത്രാക്കൂലിയും നൽകി. എന്നാൽ രാജൻ ഇതിനു ശേഷം അലക്ഷ്യമായി റോഡിലൂടെ നടന്നുപോവുന്നതുകണ്ട മുഹമ്മദ് അദ്ദേഹത്തെ തിരികെവിളിക്കുകയും തന്റെ കൂടെ വീട്ടിലേക്കു കൂട്ടുകയുമായിരുന്നു.

മുഹമ്മദിന്റെ കണ്ണംചത്തുവളപ്പിൽ വീട്ടിൽ രാജൻ പുതുജീവിതം തുടങ്ങി. ആറ് പെൺമക്കളും ഒരു മകനുമടക്കം ഏഴു മക്കളായിരുന്നു മുഹമ്മദിനുണ്ടായിരുന്നത്. രാജനെ കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചയയ്ക്കാം എന്നായിരുന്നു ആലോചിച്ചിരുന്നതെങ്കിലും അവന് പോവാൻ വീടോ ബന്ധുക്കളോ ഒന്നുമില്ലെന്ന് അറിഞ്ഞതോടെ മക്കളിൽ ഒരാളായി മുഹമ്മദ് രാജനെയും വളർത്തി. എട്ടുവർഷത്തിനുശേഷം 65ാം വയസ്സിൽ മുഹമ്മദ് മരിച്ചു. ഇതോടെ രാജനെ ഏതെങ്കിലും അനാഥാലയത്തിലാക്കാൻ നാട്ടുകാരിൽ ചിലർ തന്നോടു പറഞ്ഞുവെന്ന് അലിമോൻ നരണിപ്പുഴ പറയുന്നു.

എന്നാൽ താൻ അതിനു തയ്യാറായില്ല. ബാപ്പ വീട്ടിലെത്തിച്ചയാളെ തുടർന്നും നോക്കുന്നതിൽ ഒരു മൂല്യമുണ്ടെന്ന് താൻ കണ്ടെത്തിയും അലിമോൻ പറയുന്നു. രാജൻ അപൂർവമായി പാലക്കാട് പോയിരുന്നു. താൻ വളർന്ന വീട്ടിലെ ചെറുപണികൾ ചെയ്തും കൃഷിയിടത്തിൽ ജോലി ചെയ്തുമൊക്കെ രാജൻ മുഹമ്മദിന്റെ കുടുംബത്തിനൊപ്പം അവരിലൊരാളായി കാലംകഴിച്ചു. അടുത്തിടെ രാജന് രോ​ഗംമൂർച്ഛിച്ചു. അലിമോന്റെ കുടുംബത്തിൽ നിന്നാരെങ്കിലുമൊരാൾ രാജന് ആശുപത്രിയിൽ കൂട്ടുനിന്നു.

ചൊവ്വാഴ്ച രാജൻ മരിച്ചതോടെ മൃതദേഹം വീട്ടിലെത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്ന് പൊതുശ്മശാനത്തിലെത്തിച്ചു ചിതയിൽ വച്ചു. അലിമോനും മരുമകൻ മുഹമ്മദ് റിഷാനും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. ഹൈന്ദവാചാരപ്രകാരമുള്ള കർമങ്ങളും കുടുംബം ഒരുക്കി നൽകി. മുസ് ലിംകളായ തങ്ങൾക്കൊപ്പം രാജന് ഹൈന്ദവനായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് തങ്ങൾ പള്ളിയിൽ പോവുമ്പോൾ രാജൻ ക്ഷേത്രത്തിലേക്ക് പോയിരുന്നുവെന്നും അലിമോൻ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക