22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എ എം യാസർ
 

കർണാടകത്തിലെ അലിപുര ഗ്രാമം ആകെ ദുഃഖത്തിലാണ്. അറബിമാസം മുഹർറം മുതൽ അവർ നിറമുളള വസ്ത്രമണിയുന്നില്ല. ഉറക്കെ ചിരിക്കുന്നില്ല. പരസ്പരം കൈകൊടുത്ത് അഭിവാദ്യമില്ല. ഗ്രാമം ആകെ കറുപ്പ് കുപ്പായമണിഞ്ഞ് ദുഃഖവും കോപവും പ്രകടിപ്പിച്ചിട്ടാണ് കാണുന്നത്. മുഹർറം മാസം പിറന്നത് മുതൽ വിവാഹവും സൽക്കാരവും നിർത്തിവച്ചു. മാംസ ഭക്ഷണം നിർത്തി. മിക്കവരും മൂന്നുനേരമെന്നുളളത് ചുരുക്കി ഒരു നേരം ഭക്ഷണം ആക്കി. ഗ്രാമത്തിൽ സ്ഥിരമായി തുറക്കാറുളള ഇറച്ചിക്കടകൾ പൂട്ടി. മുഹർറത്തിന് മുമ്പ് അതിസന്തോഷവാന്മാരായും ആഡംബര വസ്ത്രമണിഞ്ഞും ആടും കോഴിയും കാടയും മീനും നിറഞ്ഞ വലിയ സൽക്കാരങ്ങൾകൊണ്ട് ആർഭാടമായിരുന്ന ഈ ഗ്രാമം അത്രമേൽ ശോകത്തിലാണ്.

 

സമാനമായി കന്നഡ കലണ്ടറിൽ ശ്രാവണി മാസമായതിനാൽ ഗ്രാമത്തിലെ ചിലർ മാംസഭക്ഷണം ഉപേക്ഷിക്കുകയും വ്രതം അനുഷ്ടിക്കുകയും ചെ്തിരുന്നു. എന്നിരുന്നാലും ആരും ശോകമൂകരല്ല. ശ്രാവണിക്ക് മുമ്പ് ഗ്രാമീണർ ജാത്ര ഉത്സവങ്ങൾ നടത്തിയിട്ടുണ്ട്. ആട്, കോഴി, പന്നി എന്നിവ  വെട്ടി ആഡംബര ഭക്ഷണം വിളമ്പിയാണ് അവർ ശ്രാവണി മാസത്തിന് മുമ്പ് ഉത്സവങ്ങൾ കൊണ്ടാടിയിരുന്നത്. മുഹർറവും ശ്രാവണിയും രണ്ട് കലണ്ടറിലാണെങ്കിലും ഒരുമിച്ച് ഒരേ കാലത്താണ് വന്നത്. അലിപ്പുരിലും ചുറ്റവട്ടങ്ങളിലും ജോലിക്ക് വന്ന തമിഴരും ഈ മാസം അൽപ്പം കരുതലിലായിരുന്നു. അവർക്ക് ആടി മാസമാണ്. മലയാളികള്ക്ക് കർക്കിടമാസവും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനക്കാരുടെ കലണ്ടറിൽ ഈ സമയരേഖ ശോകകാലമായി കുറച്ചുപേർ പിൻപറ്റുന്നു. എന്നാൽ മലയാളിക്കും തമിഴനും ശ്രാവണികർക്കുമില്ലാത്തവിധം അലിപുരയിൽ മുഹർറമാസം ഇത്രമേൽ ശോകമാകുന്നതെന്തുകൊണ്ടായിരിക്കും?.

 

മുഹർറം കഴിഞ്ഞ് ആകാശത്ത് സഫർ നിലാവ് കണ്ടിട്ട് ആഴ്ച്ച കഴിഞ്ഞിട്ടും അലിപുര  കറുത്ത് ഘനം തൂങ്ങിനിൽക്കുന്നതെന്തുകൊണ്ടായിരിക്കും? വിസ്മയിച്ചുപോയിട്ടുണ്ട്!. മുഹർറമാസത്തിൽ അലിപൂരിലെ ഗ്രാമീണർ ഓർമിക്കുകയാണ്. സ്മരിക്കുകയാണ്. എഡി 680 ലെ മുഹർറമാസം (ഒക്ടോബർ -10) ഇറാഖിലെ കർബലയിൽ നടന്ന ഏകപക്ഷീയമായ കൂട്ടകൊലപാതകം. പ്രവാചകൻ മുഹമ്മദ് നബിയുടെ പൗത്രൻ ഹുസൈനെയും 72 അനുചരന്മാരേയും പ്രവാചകന്റെ അനുചരൻമാർ തന്നെ കൂട്ടകൊലചെയ്ത ആ കറുത്ത ഓർമ സ്മരിക്കുകയാണ് അലിപ്പൂരിലെ ശിയാക്കൾ. 

 

കർബല ഇപ്പോൾ നടക്കുന്നപോലെയാണ് ഈ സ്മരണയെന്നതാണ് ഏറെ വിസ്മയം. ഇമാം ഹുസൈനെ അന്നത്തെ ഇസ്ലാമിക ഭരണകർത്താവായ യസീദും സൈന്യവും വധിച്ചതും അതിനായി പ്രയോഗിച്ച ചതിയും അന്ന് പ്രവാചക കുടബത്തിന്റെ വേദനയും ദുഃഖവും നമുക്ക് ഇവിടെ നേരിട്ടനുഭവപ്പെടും. അതല്ലാം നടന്നത് ഇപ്പോളാണെന്ന് നമുക്ക് തോന്നും. ഗ്രാമവീഥികളിലെല്ലാം ഇമാം ഹുസൈന്റെ ദാരുണമരണമോർത്ത് കുട്ടികളും മുതിർന്നവരും നെഞ്ചത്തടിച്ച് കരയും. തലയിലും നെഞ്ചിലും അവർ സ്വയം മുറിവുണ്ടാക്കും. സ്വയം ചങ്ങലക്കിടും അങ്ങനെ അവരുടെ പ്രിയ ഇമാം ഹുസൈനും കുടുംബവും അനുഭവിച്ച വേദന സ്വയം അനുഭവിക്കും!.

 

മുഹർറം കഴിഞ്ഞ് സഫർമാസം പുലരുമ്പോഴും ഒരോ വീടുകളിലും കർബല ഓർമ ദിനപരിപാടിയുണ്ടാകും. അതിൽ കൂട്ടകരച്ചിലും ആർപ്പുവിളിയും കേൾക്കാം. ഇമാം ഹുസൈനെ കൊന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ തടവിലാക്കി പതിയെ പതിയ ക്രൂരമായി കൊന്നൊടുക്കിയ ഓരോ ദിനങ്ങളിലും അലിപ്പൂരിൽ കൂട്ടകരച്ചിൽ മുഴങ്ങി കേൾക്കും. മൗലാനയുടെ വീർപ്പുമുട്ടിക്കുന്ന കരച്ചിലോടെയുളള പ്രഭാഷണവും അന്തരീക്ഷത്തിൽ ഉണ്ടാകും. ഈ ആഴ്ച്ച ഇമാം ഹുസൈന്റെ പൊന്നോമന പുത്രി സുകൈനയെ അതിക്രൂരമായ കൊന്ന ദിവസത്തിന്റെ ഓർമദിവസങ്ങളാണ്. ഇന്നും ഇന്നലെയും ഈ ഗ്രാമം സുകൈനയെ ഓർത്ത് കണ്ണീർ വീഴ്ത്തുകയാണ്!.