ന്യൂഡല്‍ഹി: സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരെ പുകച്ചു പുറത്തു ചാടിക്കുന്ന ബിജെപി സര്‍ക്കാര്‍ നിലപാടിന് മറ്റൊരു ഉദാഹരണം കൂടി. ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ആണ് പുതിയ ഇര. സിഖ് വിഘടനവാദത്തെക്കുറിച്ചുള്ള അവനിയുടെ റിപോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അനിഷ്ടത്തിന് ഇടയാക്കിയത്. വിസ പുതുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് ഏപ്രില്‍ 19ന് അവനി രാജ്യംവിട്ടു. ( Amid visa troubles, ABC journalist leaves India despite diplomatic intervention )
|
രണ്ട് മാസം മുമ്പ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വെനേസ ഡോനാക്ക് സമാന കാരണത്തില്‍ ഇന്ത്യ വിട്ടിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച് എഴുതിയത് കാരണം, ഡോനാക്കിന്റെ ഓവര്‍സീസ് പൗരത്വം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ രാജ്യം വിട്ടത്.
തന്റെ റിപോര്‍ട്ട് അതിരുകള്‍ ലംഘിച്ചു എന്നാരോപിച്ച് മോദി സര്‍ക്കാര്‍ വിസാ കാലാവധി ദീര്‍ഘിപ്പിക്കുന്നത് നിരസിച്ചതായി അവനി ചൊവ്വാഴ്ച്ച ട്വീറ്റ് ചെയ്തു. ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിട്ടും കേവം രണ്ടു മാസത്തേക്ക് മാത്രം വിസ നീട്ടാനാണ് സര്‍ക്കാര്‍ തയ്യാറായത്. അതും, താന്‍ രാജ്യം വിടാന്‍ തീരുമാനിച്ചതിന്റെ 24 മണിക്കൂര്‍ മുമ്പ് മാത്രം-അവനിയുടെ ട്വീറ്റില്‍ പറയുന്നു.
അല്‍ജസീറ റിപോര്‍ട്ടര്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വിസ നിഷേധിച്ച സംഭവം നേരത്തേയുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ നിരന്തര ശല്യം കാരണം ബിബിസി ഇന്ത്യയിലെ നേരിട്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചതും ഇതോട് ചേര്‍ത്ത് വായിക്കണം.





