തൃശ്ശൂർ: ‘കക്കുകളി’ നാടകത്തിനെതിരെ പ്രതിഷേധവുമായി തൃശൂർ അതിരൂപതയും കെ.സി.ബി.സിയും. ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്ന് അതിരൂപത പറഞ്ഞു. നാടകത്തിനെതിരെ ഇടവകകളിൽ തൃശ്ശൂർ അതിരൂപത സർക്കുലർ വായിച്ചു. കത്തോലിക്കാസഭയും ‘കക്കുകളി’ നാടകത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ നാടകത്തിനെതിരെ സർക്കുലർ വായിച്ചത്.
|
ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധമെന്നും സർക്കുലറിൽ പറയുന്നു. ഇത്തരത്തിലുള്ള സാംസ്‌കാരിക നിലപാടുകൾ സ്വീകരിക്കുന്ന ഇടത് സർക്കാരിനെയും ഇടത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമോ എന്നുള്ള കാര്യം കൂടി പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
നാടകം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് കെസിബിസിയും അഭിപ്രായപ്പെട്ടു. നാടകത്തിൽ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്നും നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് കഌമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ വിവിധ മെത്രാന്മാരുടെയും കെസിബിസി കമ്മീഷൻ പ്രതിനിധികൾ, സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ നടന്ന യോഗത്തിലാണ് ആവശ്യം.
ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയിൽ വികലവും വാസ്തവവിരുദ്ധവുമായ കൂട്ടിച്ചേർക്കലുകൾ നടത്തി, കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങൾ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. വാസ്തവം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും, ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്‌കാരിക സമൂഹം തയ്യാറാകണം. അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം- കെസിബിസി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.


