കൃഷ്ണന്‍ എരഞ്ഞിക്കല്‍
|
അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ ജനകീയ പ്രതിഷേധം ശക്തമായി. ഏറനാട് മണ്ഡലത്തിലെ അരീക്കോട്, കീഴുപറമ്പ്, കുഴിമണ്ണ, കാവനൂര്‍, ഊര്‍ങ്ങാട്ടീരി, പഞ്ചായത്തുകളില്‍ നിന്നായി പ്രതിദിനം ആയിരത്തോളം രോഗികളാണ് താലൂക്ക് ആശുപത്രിയിലെത്തുന്നത്.
കിടത്തി ചികിത്സയോ ഗര്‍ഭിണികള്‍ക്കുള്ള പരിചരണമോ ലഭ്യമല്ല. രാത്രികാല ഡോക്ടര്‍മാരുടെ സേവനവും ഇല്ലാത്തതിനാല്‍ ഇവിടെ കിടത്തി ചികിത്സക്ക് ആരും തയ്യാറാകാറില്ല. അതിനാല്‍ രാവിലത്തെയും വൈകീട്ടെയും ഒ പിയിലെത്തുന്ന രോഗികള്‍ കിടത്തി ചികിത്സക്കായി മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളെയാണ് ആശ്രയിക്കുന്നത്. രോഗികള്‍ക്ക് മരുന്ന് വാങ്ങുന്ന ഫാര്‍മസിയുടെ മുന്‍ഭാഗം ചോര്‍ന്നൊലിക്കുന്നതിനാല്‍ കുട ചൂടി ക്യു നില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികള്‍, അശാസ്ത്രീയമായ കെട്ടിട നിര്‍മാണം മൂലം രോഗികളെ സ്ട്രക്ച്ചറില്‍ തള്ളികൊണ്ട് പോകാന്‍ കഴിയാത്ത റാമ്പ് ഏരിയയും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
2012ല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിട്ടും സ്റ്റാഫ് പാറ്റേണ്‍ വര്‍ധിപ്പിച്ച് സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതും ഹോസ്പില്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അനാസ്ഥയും അരീക്കോട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തടസ്സമായതായി ജനങ്ങള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനകീയ പരാതികളയച്ചതായും തുടര്‍ നടപടി സ്വീകരിക്കാതിരുന്നാല്‍ പൊതുതാല്‍പര്യ ഹരജി നല്‍കാനുള്ള നീക്കത്തിലാണെന്നും ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കൂട്ടായ്മയായ സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.


