02
May 2023
Sun
02 May 2023 Sun

ദുബയ്: ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരിസ് ഗ്രൂപ്പ് കമ്പനി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ചു. കമ്പനിയുടെ 25-ാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രഖ്യാപനം. കൂടാത തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി ദുബയ് സന്ദര്‍ശിക്കാനുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയ് യാത്രയുടെ എല്ലാ ചെലവുകളും കമ്പനി വഹിക്കും. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് കമ്പനി 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ 25 വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ശക്തിയായി നില കൊള്ളുന്ന ജീവനക്കാരോടുള്ള നന്ദിസൂചകമായാണ് ഇത്രയും വലിയ തുകയ്ക്കുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരിസ് ഗ്രൂപ്പ് അറിയിച്ചു.

ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ദുബയ് സന്ദര്‍ശിച്ച് ഇവിടെ നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഏരിസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് ആണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. 1998ല്‍ കമ്പനി ആരംഭിച്ച നാള്‍ മുതല്‍ ലാഭവിഹിതത്തിന്റെ 50 ശതമാനവും ജീവനക്കാര്‍ക്കാണ് നല്‍കുന്നതെന്ന പ്രത്യേകതയും ഏരിസ് ഗ്രൂപ്പിനുണ്ട്. ഇത്തരം പ്രവര്‍ത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് സോഹന്‍ റോയ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍, ഇന്‍സ്പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ ഏരീസ് ഗ്രൂപ്പില്‍ ആഗോളതലത്തില്‍ 25 രാജ്യങ്ങളില്‍ 2200 ന് മുകളില്‍ ജീവനക്കാരാണുള്ളത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവനരഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയവ കമ്പനി നടത്തിവരുന്നു.