കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായി 72 നാളുകൾക്ക് ശേഷം ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ നിന്ന് ലോറി സഹിതം കണ്ടെടുത്ത അർജുന് കുടുംബാംഗങ്ങളും നാടും വിടനൽകി. കണ്ണാടിക്കലെ വീട്ടുവളപ്പിലൊരുക്കിയ ചിത അർജുന്റെ ദേഹം ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ 11.15-ഓടെയാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചത്. 11.45-ഓടെ ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് അർജുന്റെ ചിതയ്ക്ക് തീ പകർന്നത്.
|
മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, എ.കെ. ശശീന്ദ്രൻ, കാർവാർ എം.എൽ.എ സതീഷ് സെയിൽ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ, ലോറി ഉടമ മനാഫ്, എം.പി.മാരായ എം.കെ.രാഘവൻ, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ അർജുന് വിട നൽകാനെത്തിയിരുന്നു.
ജൂലായ് 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ ലോറിയോടൊപ്പം കാണാതായത്. തടിലോഡുമായി കോഴിക്കോട്ടേക്കു വരികയായിരുന്ന അർജുൻ ഷിരൂരിൽ ലോറി നിർത്തി വിശ്രമിക്കുമ്പോഴായിരുന്നു മണ്ണിടിച്ചിലുണ്ടായത്. പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് കഴിഞ്ഞദിവസം ലോറിയും അർജുന്റെ മൃതദേഹം പുഴയിൽ നിന്ന് വീണ്ടെടുക്കുന്നത്. ഡിഎൻഎ പരിശോധനയിൽ മൃതദേഹം അർജുന്റെ തന്നെയാണ് ഉറപ്പുവരുത്തുകയും തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടുവരികയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





