16
Dec 2023
Sat
16 Dec 2023 Sat

ഓര്‍മയില്‍ നിന്ന് ആറുവയസ്സുകാരി പറഞ്ഞത് കേട്ട് വരച്ച രേഖാചിത്രം കിറുകൃത്യം; ചിത്രം വരച്ച ആര്‍ട്ടിസ്റ്റ് ദമ്പതികളെ അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖാചിത്രം വരച്ചത് സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിലെ ആര്‍ട്ടിസ്റ്റും തിരുവനന്തപുരം സ്വദേശിയുമായ ആര്‍.ബി ഷജിത്തും ഭാര്യ സ്മിത എം ബാബുവും. പത്മകുമാറിനെ പിടികൂടിയപ്പോഴാണ് അയാളുടെ യഥാര്‍ഥ മുഖവുമായി ഈ രേഖാചിത്രത്തിന്റെ അതിശയിപ്പിക്കുന്ന സാമ്യത ചര്‍ച്ചയായത്. ഇതുസംബന്ധിച്ച് ഷജിത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രേഖാചിത്രത്തിന് പിന്നിലെ കരങ്ങള്‍ ആരുടേതാണെന്ന് വ്യക്തമായത്. തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷജിത് പറയുന്നു.

ഇവര്‍ വരച്ച രേഖാചിത്രത്തിന് പ്രതിയുമായുള്ള സാമ്യം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രശംസ നേടിയിരുന്നു. വിഷയത്തില്‍ കുട്ടിയുടെ ഓര്‍മശക്തിയെ ദമ്പതികള്‍ അഭിനന്ദിക്കുകയും ചെയ്തു. വളരെ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും പ്രതിയുടെ മുഖം ഓര്‍മയില്‍നിന്ന് വിശദാംശങ്ങളോടെ വ്യക്തമാക്കിത്തന്ന ഒന്നാംക്ലാസുകാരി ഏറെ അഭിനന്ദനങ്ങളര്‍ഹിക്കുന്നെന്ന് ചിത്രകാരി സ്മിത പറഞ്ഞു. കുരുന്നിനെ അഭിനന്ദിച്ച് ഇവര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ പ്രതികരണങ്ങള്‍ നേടി.

കുറിപ്പിന്‌റെ പൂര്‍ണരൂപം

കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ എസിപി പ്രദീപ് സാറിന്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നല്‍കി.

പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി. ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്‌പോണ്‍സ് ,യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍.. എല്ലാവര്‍ക്കും നന്ദി സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണായക അടയാളങ്ങള്‍ തന്നതിന്.

ഓര്‍മയില്‍ നിന്ന് ആറുവയസ്സുകാരി പറഞ്ഞത് കേട്ട് വരച്ച രേഖാചിത്രം കിറുകൃത്യം; ചിത്രം വരച്ച ആര്‍ട്ടിസ്റ്റ് ദമ്പതികളെ അറിയാം