പതിറ്റാണ്ടുകൾക്ക് ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരു കോൺഗ്രസ് പ്രസിഡന്റ് എന്ന പച്ചക്കൊടി കണ്ടതിനു ശേഷം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ചാടിയിറങ്ങിയതാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്ത്. എന്നാൽ ഇരട്ടപദവി പറ്റില്ലെന്ന് പാർട്ടിയിലെ തിരുത്തൽ നേതാക്കളായ ജി23 വെടിപൊട്ടിച്ചതോടെയാണ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കാമെന്ന് അശോക് ഗെഹ് ലോത്ത് തീരുമാനിച്ചത്. ഇതോടെ കളിമാറി. അശോക് ഗെഹ് ലോത്ത് പക്ഷത്തിന്റെ ഇഷ്ടക്കാരനല്ലാത്ത യുവനേതാവ് സചിൻ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹം പരന്നതോടെയാണിത്.
|
അശോക് ഗെഹ് ലോത്ത് കോൺഗ്രസ് പ്രസിഡന്റ് പദവി മോഹിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ശശി തരൂർ അടക്കമുള്ള പ്രസിഡൻഷ്യൽ സ്ഥാനാർഥികളോട് പരാജയം രുചിക്കുകയുമാണെങ്കിൽ മോഹിച്ചത് കിട്ടിയുമില്ല, കൈയിലിരുന്നത് പോവുകയും ചെയ്തതിന്റെ തീരാവേദനയാവും ഗെഹ് ലോത്ത് പക്ഷത്തിനുണ്ടാവുക. ഇതിന്റെ ഭാഗമാണ് ഇന്നലെ മുതൽ രാജസ്ഥാനിലെ കോൺഗ്രസ് പ്രതിസന്ധിക്കു കാരണമായത്.സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ രാജിവയ്ക്കുമെന്നാണ് ഗെഹ് ലോത്ത് പക്ഷക്കാരായ 90ലേറെ എംഎൽഎമാരുടെ ഭീഷണി.
അതേസമയം ഏതുവിധേനയും പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ അജയ് മാക്കനും മല്ലികാർജുൻ ഖാർഗേയും ജയ്പൂരിൽ എത്തിയിരുന്നു. അതേസമയം രാജിഭീഷണി മുഴക്കിയ എംഎൽഎമാരെ കാണാൻ നേതാക്കൾക്ക് കഴിഞ്ഞിട്ടില്ല. നവരാത്രിയായതിനാൽ എംഎൽഎമാരെ ഇപ്പോൾ കാണാൻ കഴിയില്ലെന്നാണ് ഇവർക്ക് ലഭിച്ച മറുപടി. ഇതോടെ ഇരുവരും ഡൽഹിക്കു മടങ്ങാൻ തീരുമാനിച്ചുവെന്നാണ് വിവരം.
കോൺഗ്രസ് പ്രസിഡന്റായി വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സചിൻ പൈലറ്റിന് കൊടുക്കാമെന്ന് അശോക് ഗെഹ് ലോത്ത് നേരത്തേ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഇരട്ടപദവി അംഗീകരിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഗെഹ് ലോത്ത് ഊരാക്കുടുക്കിൽ വീണത്. അതേസമയം എംഎൽഎമാരുടെ രാജിഭീഷണിക്കു തനിക്കു പങ്കില്ലെന്നു വരുത്തിതീർക്കുകയാണ് ഗെഹ് ലോത്ത് ഇപ്പോൾ.
2020ൽ അശോക് ഗെഹ് ലോത്തിനെതിരേ പരസ്യപ്പട നയിച്ച നേതാവായ സചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുന്നത് അംഗീകരിക്കില്ലെന്ന പ്രമേയം ഗെഹ് ലോത്ത് പക്ഷം ഇന്നലെ പാസാക്കിയിരുന്നു. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ചേരേണ്ടതില്ലെന്നും ഗെഹ് ലോത്ത് പക്ഷക്കാരായ എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗെഹ് ലോത്ത് പരാജയപ്പെട്ടാലും മുഖ്യമന്ത്രിക്കസേര സചിൻ പൈലറ്റിന് കൊടുക്കാതിരിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. അതേസമയം സചിൻ പൈലറ്റിന് മുഖ്യമന്ത്രിക്കസേര നിഷേധിച്ചാൽ രാജസ്ഥാനിൽ എന്തും സംഭവിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസിന് വീണ്ടും ആഭ്യന്തരകലഹം തലവേദനയായിരിക്കുന്നത്.



