ഗുവാഹതി: ‘ലൗ ജിഹാദ്’ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. (Assam CM announces plans for stringent measures against ‘Love Jihad’) ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി സര്‍ക്കാര്‍ മതപരിവര്‍ത്തനത്തിന് ജീവപര്യന്തം ശിക്ഷ നല്‍കുന്ന നിയമം പാസാക്കിയതിന് പിന്നാലെയാണ് അസമിന്റെ നീക്കം
|
അസമില്‍ ജനിച്ചവര്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ പരിമിതപ്പെടുത്തുന്ന നയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. പൂര്‍ണ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ ഇത് ബോധ്യമാവും
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഭൂമി ഇടപാടു സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തുവെന്ന് ശര്‍മ പറഞ്ഞു. ഇത്തരം ഇടപാട് പൂര്‍ണമായി തടയാന്‍ സര്‍ക്കാറിനാകില്ല. എന്നാല്‍, അത്തരം ഇടപാടുകള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന നിബന്ധന വയ്ക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
ALSO READ: ലൗ ജിഹാദ് ബില്ല് പാസാക്കി യുപി
അസമിലെ മുസ്ലിം ജനസംഖ്യ 40 ശതമാനമായതായുള്ള അവകാശവാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മറ്റു മതവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് മുസ്ലിംകളിലേക്കുള്ള മതംമാറ്റം തടയാനെന്ന പേരിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
മതപരിവര്‍ത്തനം ഉള്‍പ്പെടെ രാജ്യത്തെ എല്ലാ നിയമങ്ങളും മതവിവേചനം ഇല്ലാതെ നടപ്പാക്കണമെന്ന് കഴിഞ്ഞ മാസം യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി സര്‍ക്കാര്‍, പൗരത്വ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ മുസ്ലിംകളോട് വിവേചനം കാണിക്കുന്നതിന് എതിരേയായിരുന്നു പ്രസ്താവന.





