കല്പറ്റ: ദുരന്തത്തിൻ്റെ കെടുതി അനുഭവിക്കുന്ന വയനാടിന് വേണ്ടി വമ്പൻ പ്രഖ്യാപനം നടത്തി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ.
|
ആസ്റ്റർ മേധാവിയും വ്യവസായിയുമായ ഡോ. ആസാദ് മൂപ്പൻ ആണ് ഇക്കാര്യം അറിയിച്ചത്. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും ആസാദ് മൂപ്പൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ വീടുകൾ പുനർനിർമിക്കാൻ രണ്ടരക്കോടി രൂപയും ചെലവഴിക്കും.
വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
കേരളത്തിലെ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ദുരന്തബാധിത മേഖലയിൽ സജീവമാണ്. സർക്കാർ സംവിധാനങ്ങളും ഗവണ്മെന്റ് ആശുപത്രികളുമായി ചേർന്നാണ് ഇവിടുത്തെ ചികിത്സ ഏകോപിപ്പിക്കുന്നത്. ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യദിവസം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്. ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന പകരംവെയ്ക്കാനില്ലാത്ത രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് പ്രവർത്തിക്കുന്നത്.
ഇതിനിടെ ആസ്റ്റർ ജീവനക്കാരെയും കാണാതായതായുള്ള വിവരവും പുറത്തുവന്നു. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും ചികിത്സാസൗകര്യങ്ങളും അവശ്യവസ്തുക്കളും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നൽകിവരികയാണ്. സാധ്യമായ മറ്റെല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ വിഷമഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാനും ദുരിതബാധിതർക്ക് ആധുനിക ചികിത്സ നൽകാനും അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു.
അതേസമയം കോടിക്കണക്കിന് രൂപ ആണ് ദുരിതാശ്വാസ ഫണ്ടിലേക്ക് വന്നു കൊണ്ടിരിക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
ചലച്ചിത്ര താരങ്ങൾ
കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം രൂപ, ദുൽഖർ സൽമാൻ 15 ലക്ഷം രൂപ, കാര്‍ത്തി 15 ലക്ഷം രൂപ, ജ്യോതിക 10 ലക്ഷം രൂപ.
മറ്റുള്ളവ
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ, ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപ, സിപിഐഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ, തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ, മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ.
കെ.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ, തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ, കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപ, കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ, കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ.
ഡോക്യൂമെൻ്റെറി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യൂമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപ.
സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.


