തൃശൂർ: ഏകീകൃത സിവിൽ നിയമത്തെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി പരിപാടിയിൽ യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ. ഏകീകൃത സിവിൽ നിയമ ബിൽ അവതരണം വൈകുന്നത് നല്ലതല്ലെന്നാണ് ആരിഫ് ഹുസൈന്റെ വാദം. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അമൃതം ഗമനം വിചാരസദസ്സിൽ ഏകീകൃത സിവിൽ കോഡ് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഇയാൾ.
|
ഈ നിയമം നടപ്പായാൽ വിവേചനം ഇല്ലാതാകുമെന്നും ആരിഫ് ഹുസൈൻ അവകാശപ്പെട്ടു. ബില്ല് വൈകുന്നത് രാഷ്ട്രീയവും വർഗീയമായതുമായ മുതലെടുപ്പുകൾക്ക് കാരണമാകും. അധികാരം ലഭിച്ച് നാളിത്രയായിട്ടും ഏകീകൃത സിവിൽ നിയമം സംബന്ധിച്ച് ശരിയായ കരടുബില്ല് പോലും പാർലമെന്റിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ആരിഫ് ഹുസൈൻ കൂട്ടിച്ചേർത്തു.
നേരത്തെ, ആൺകുട്ടികളിലെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആരിഫ് ഹുസൈൻ കേരളാ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. 18 വയസിനു താഴെയുള്ളവരിൽ ചേലാകർമം നടത്താൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ ഹരജി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
മാതാപിതാക്കളുടെ അന്ധമായ മതവിശ്വാസം കുട്ടികളിൽ അടിച്ചേൽപിക്കലാണിതെന്നും ചേലാകർമം യുക്തിപരമല്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ കുട്ടികൾക്കു നേരെയുള്ള അക്രമമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇയാളുടെ ഹരജിയിലുണ്ടായിരുന്നത്. എന്നാൽ ഇതെല്ലാം കോടതി ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതിന് ഇയാൾക്കെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രവാചകനെ പീഡോഫൈൽ എന്ന് നിരന്തരം അധിക്ഷേപിച്ച് സോഷ്യൽമീഡിയകളിൽ വിദ്വേഷ പ്രചരണം നടത്തുന്ന ഇയാൾക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ അനൂപ് വി ആർ ആണ് പരാതി നൽകിയിരുന്നത്. സി. രവിചന്ദ്രൻ വിഭാഗം യുക്തിവാദി നേതാവായ ഇയാൾ, സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയുടെ പ്രവാചക അധിക്ഷേപം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് പ്രവാചകനെതിരെ നിരന്തരം അധിക്ഷേപ പോസ്റ്റുകൾ ഇട്ടു തുടങ്ങിയത്.
ആർഎസ്എസ് ആചാര്യൻ വി.ഡി സവർക്കറെയും ഗാന്ധി ഘാതകനായ ഗോഡ്‌സെയെയും പുകഴ്ത്തി രംഗത്തെത്തിയ സി. രവിചന്ദ്രനെ പോലെ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന യുക്തിവാദി നേതാക്കളിൽ ഒരാളാണ് ആരിഫ് ഹുസൈൻ തെരുവത്ത്. ഹോമിയോ ഡോക്ടർ ആയിരുന്ന ആരിഫ്, ആ മേഖല ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിൽ എസ്സൻസ് ഗ്ലോബൽ എന്ന യുക്തിവാദി സംഘടനയുടെ മുഴുവൻ സമയ പ്രചാരകൻ ആയി മാറുകയായിരുന്നു.





