പാലക്കാട്: കുഴല്‍പ്പണക്കാരില്‍ പണം തട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയവര്‍ക്ക് പണിപാളി. (Attempt extort havala money in Palakkad; four arrested) അപ്രതീക്ഷിതമായി എത്തിയ പോലീസിനെ കണ്ട് ദൗത്യം പാതിവഴിയില്‍ ഇട്ട് ഓടി. ഒടുവില്‍ പോലീസ് വലയിലുമായി.
|
ദേശീയപാത പുതുശേരി കുരുടിക്കാട്ട് ആണ് കുഴല്‍പ്പണ സംഘത്തെ ആക്രമിച്ച് പണം കവരാനെത്തിയ നാലുപേരെ ഹൈവേ പൊലീസും കസബ പൊലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂര്‍ കാടാച്ചി പഴയപുരയില്‍ പ്രജേഷ് (42), ആലപ്പുഴ കായംകുളം പേരൂര്‍ തെക്കേതില്‍ രഞ്ജിത് (34), കണ്ണൂര്‍ കൂത്തുപറമ്പ് മാനന്തേരി പുത്തന്‍പുരയില്‍ ഷിജിന്‍ (36), തിരുവനന്തപുരം കിളിമാനൂര്‍ ചൂട്ടയില്‍ വിഷ്ണുരാജ് (38) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ആറിനാണ് സംഭവം.
കേന്ദ്ര ഏജന്‍സിയായ നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ വ്യാജ സ്റ്റിക്കര്‍ പതിച്ചാണ് സംഘം കാറില്‍ കുരുടിക്കാട്ട് കാത്തുനിന്നത്. പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പൊലീസിനെ കണ്ടതും കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഇറങ്ങിയോടി.
സംശയം തോന്നിയ ഹൈവേ പൊലീസ് കസബ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വാഹനം പരിശോധിച്ച പോലീസ് ഞെട്ടി. വ്യാജ ഐ.ഡി കാര്‍ഡ്, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, കുരുമുളക് സ്‌പ്രേ, വാഹനം പൊളിക്കാനുള്ള ആയുധങ്ങള്‍ തുടങ്ങി ഒരു വന്‍ കവര്‍ച്ചയ്ക്കുള്ള സെറ്റപ്പാണ് കണ്ടെത്തിയത്.
കുഴല്‍പ്പണം കടത്തുന്ന സംഘത്തെ ആക്രമിച്ച് പണം തട്ടാനുള്ള ഇവരുടെ പദ്ധതി ഇതോടെ പൊളിഞ്ഞു. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരെന്ന് തോന്നിപ്പിക്കാന്‍ കോട്ട് ധരിച്ചാണ് പ്രതികള്‍ കാറിലെത്തിയത്.
നാലു പ്രതികളും സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് കസബ പൊലീസ് അറിയിച്ചു. കസബ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത്, എസ്.ഐ എച്ച്. ഹര്‍ഷാദ്, ഹൈവേ പൊലീസ് എസ്.ഐ ജലീല്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ്. ഷാനവാസ്, ഖാദര്‍ ബാഷ, എസ്. സായൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





