കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട പഴവര്‍ഗങ്ങളില്‍ ഒന്നായി വിദേശ അവക്കാഡോ (വെണ്ണ പഴം) മാറുന്നുണ്ടെന്നും കൂടുതല്‍ രാജ്യങ്ങള്‍ നികുതി കുറച്ചതോടെ കേരളത്തിലേക്ക് ധാരാളമായി വിദേശ അവക്കാഡോയുടെ വരവ് കൂടിയിട്ടുണ്ടെന്നും അവോക്കാഡോ വ്യാപാരികള്‍ പറയുന്നു. ആയിരം രൂപയോളം കിലോയ്ക്ക് വില വരുന്ന അവക്കാഡോ നിലവില്‍ കേരളത്തില്‍ 300-400 രൂപക്ക് ലഭിക്കാന്‍ നികുതി കുറവ് സഹായിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള അവോക്കാഡോ ഫാമിങ് ആന്റ് ട്രേഡിങ് കമ്പനിയായ വെസ്റ്റ്ഫാലിയ ഫ്രൂട്ട് കൊച്ചി ആസ്ഥാനമായുള്ള ഈഡന്‍ ഫ്രൂട്ട്സ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് വിദേശ അവക്കാഡോ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കൊച്ചി തുറമുഖം വഴി അവക്കാഡോ എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള ട്രേഡ് ലോഞ്ച് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ഇന്ത്യ ജനറല്‍ മാനേജര്‍ അജയ് ടി. ജെ. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിര്‍വഹിച്ചു.
|
യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് അവക്കാഡോ കേരളീയര്‍ക്ക് പരിചിതമായ പഴമാണെന്ന് ഈഡന്‍ ഫ്രൂട്ട്സ് മാനേജിങ് ഡയറക്ടര്‍ കമറുദ്ധീന്‍ സിഎച്ച് പറഞ്ഞു. ലോകവിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെയാണ് അവക്കാഡോ ഉപഭോഗം. എന്നാല്‍ ഇന്ത്യയില്‍ ഇത് 100 ശതമാനമാണ്. ഈ വര്‍ഷവും അവക്കാഡോ വില്പനയില്‍ ഇന്ത്യ മുന്‍പന്തിയിലാണെന്ന് വെസ്റ്റ്ഫാലിയ ഫ്രൂട്ട് ജനറല്‍ മാനേജര്‍ അജയ് ടിജി പറഞ്ഞു. ഇന്ത്യയിലേക്കുള്ള അവക്കാഡോ ഇറക്കുമതിയുടെ 50 ശതമാനവും വെസ്റ്റ്ഫാലിയയില്‍ നിന്നാണ്.
2021-ല്‍ ഇന്ത്യയിലേക്ക് 1,000 ടണ്‍ അവക്കാഡോയാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2,000ഉം 4,000ഉം ടണ്ണായി ഇറക്കുമതി വര്‍ധിച്ചു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 8,000 ടണ്ണായി ഇറക്കുമതി ഉയരുമെന്നുമാണ്.പെറു, ചിലി, ന്യൂസിലാന്‍ഡ്, കെനിയ, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ആസ്ത്രേലിയ, യുഗാണ്ട എന്നിവിടങ്ങളില്‍ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലേക്ക് അവക്കാഡോ പഴങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍, കുത്തനെയുള്ള വിമാന ചിലവും 35 ശതമാനത്തോളം നികുതിയും കാരണം വലിയ വില വര്‍ധനവാണ് കേരളത്തിലെ മാര്‍ക്കറ്റില്‍ ഈ പഴങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായത്. നിലവില്‍ ടാന്‍സാനിയയും, ആസ്ത്രേലിയയും അവക്കാഡോ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കി. കടല്‍ വഴിയുള്ള ഇറക്കുമതി റീട്ടെയില്‍ പോയിന്റില്‍ വില കുറയാന്‍ സഹായിച്ചിട്ടുണ്ട്.
കേരളത്തിലേത് മികച്ച മാര്‍ക്കറ്റാണ്. മലയാളിയുടെ ദിനചര്യയില്‍ പഴവര്‍ഗങ്ങളുടെ ഉപഭോഗം കൂടിയിട്ടുണ്ട്. 300 രൂപയ്ക്ക് മുകളില്‍ വില വരുന്ന അവക്കാഡോയുടെ ഉപഭോഗം കേരളത്തില്‍ സമീപകാലത്ത് വര്‍ധിച്ചത് കേരളത്തിന്റെ വാങ്ങല്‍ ശേഷിയുടെ പ്രതിഫലനമാണെന്ന് അജയ് ടിജി പറഞ്ഞു. കേരളത്തില്‍ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ തുടങ്ങിയ മലയോര പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് അവക്കാഡോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവക്കാഡോ ധാരാളമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊക്കെ പ്രാദേശിക ഉപഭോഗത്തിന് മാത്രമേ തികയുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള പഴവര്‍ഗമാണ് അവക്കാഡോ പഴം. വെണ്ണപ്പഴം എന്നാണ് മലയാളത്തില്‍ ഇതിന്റെ നാമം. ലോറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് ഈ പഴം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ സംരക്ഷിക്കും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ബി -6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ അവക്കാഡോ ഭാഗമാക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാരണം, അവയിലെ നാരുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പും ദഹനനാളത്തിലെ സൂക്ഷ്മാണുക്കളെ ബാധിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ സാന്ദ്രത കുറയ്ക്കാനും പിത്തരസം കുറയ്ക്കാനും ഷോര്‍ട്ട്-ചെയിന്‍ ഫാറ്റി ആസിഡുകള്‍ വര്‍ധിപ്പിക്കാനും അവകാഡോ സഹായിക്കും. ആരോഗ്യത്തിന് ആവശ്യമായ പൊട്ടാസ്യവും നാരുകളും അടങ്ങിയ ഇവ ഊര്‍ജസാന്ദ്രവും പോഷക സാന്ദ്രവുമായ പഴമാണ്. ഇന്ത്യന്‍ വിപണിയില്‍ ഐസ്‌ക്രീം, ജ്യൂസുകള്‍ മുതല്‍ ചാറ്റുകള്‍, പാനി പൂരി വരെയുള്ള ഭക്ഷണങ്ങളുടെ ശ്രേണിയില്‍ ഈ പഴം ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യയിലെ വേള്‍ഡ് അവക്കാഡോ ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് സുമിത് സരണ്‍ പറഞ്ഞു.


