തിരുവനന്തപുരം: പരാതികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് പൂർണമായും മരവിപ്പിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ബാങ്കുകൾക്ക് കേരള പൊലീസിന്റെ നിർദേശം. പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള തുക മാത്രമാണ് മരിവിപ്പിക്കേണ്ടതെന്നും അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ നിയമമോ നിർദേശമോ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായ നിർദേശം ബാങ്ക് അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
ഡിജിറ്റൽ പണവിനിമയ (UPI) സംവിധാനങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാണ്. അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതോടെ ഉടമകൾക്ക് പണം പിൻവലിക്കാനോ കൈമാറാനോ കഴിയുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള പൊലീസിന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. എന്നാൽ അക്കൗണ്ട് മരവിപ്പിക്കുന്നതിന് മുമ്പ് മുന്നറിയിപ്പോ മരവിപ്പിച്ചതിന് ശേഷം അറിയിക്കുകയോ ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
പൊലീസ് അതോറിറ്റിയുടെ നിർദേശത്തിന്റെയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടെയോ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് ഫെഡറൽ ബാങ്ക് വിശദീകരണവുമായി രംഗത്തുവന്നതിന്റെ പിന്നാലെയാണ് പോലീസിന്റെ പ്രതികരണം.


