തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നവര്‍ക്കും അത്തരം കേസുകളില്‍ പിടിയിലാകുന്നവര്‍ക്കുമെതിരെ കനത്ത നടപടിയുമായി തിരുവനന്തപുരത്തെ ബീമാപള്ളി മുസ്‌ലിം ജമാഅത്ത്. ജമാഅത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാഅത്ത് അംഗത്വത്തിൽ നിന്ന് നീക്കാനും 50,000 രൂപ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇവർക്ക് ജമാഅത്ത് ഭരണ സമിതിയിലേക്ക് വരാനോ ജമാഅത്ത് നൽകുന്ന ആനുകൂല്യങ്ങൾ സ്വീകരിക്കാനോ സാധിക്കില്ല.
|
ലഹരി ഉപയോഗിച്ച് പിടിയിലാകുന്നവരെ പിന്തുണയ്ക്കുന്നവർക്കും നിയമ സഹായം നൽകുന്ന നാട്ടുകാർക്കും ഇത് ബാധകമാണെന്നും ജമാഅത്ത് നോട്ടീസിലൂടെ വ്യക്തമാക്കി. ജൂലൈ 30ന് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടിയ ലഹരി വിരുദ്ധ യോഗം ആണ് ഇത്തരമൊരു ശക്തമായ തീരുമാനം കൈക്കൊണ്ടത്. ജൂലൈ 31 മുതൽ ജമാഅത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ അവരെ പത്ത് വർഷത്തേക്ക് ജമാഅത്ത് അംഗത്വത്തിൽ നിന്ന് നീക്കുമെന്നും 50,000 രൂപ പിഴ ഈടാക്കുമെന്നുമാണ് കമ്മിറ്റി തീരുമാനം.
മുൻപ് അഞ്ചു വർഷം വിലക്ക് ആയിരുന്നത് ആണ് ഇപ്പോൾ 10 വർഷം ആക്കിയത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്ക് ഉണ്ടായിരിക്കും എന്നും എന്നാൽ ഇവർക്ക് ജമാഅത്ത് ഭരണ സമിതിയിലേക്ക് വരാൻ കഴിയില്ലെന്നും ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്‍റ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
ജമാഅത്ത് അംഗങ്ങൾക്ക് നൽകുന്ന ധന സഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾക്കും അവര്‍ അര്‍ഹരായിരിക്കില്ല. യുവാക്കൾക്ക് ഇടയിലെ ലഹരി ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ ബീമാപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ ഈ നടപടി ഏറെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്.





