ശ്രീനഗർ: രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക സമാപന സമ്മേളനം ഇന്ന്. യാത്ര ഇന്നലെ സമാപിച്ചെങ്കിലും ഇന്നാണ് സമാപന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്തെ ബി.ജെ.പി വിരുദ്ധ കക്ഷികളുടെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ശേർ എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കുന്ന പൊതുറാലിയും ഇന്ന് ഉണ്ടാകും.
|
സെപ്തംബർ എട്ടിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങി കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും കടന്നാണ് യാത്ര ജമ്മുകശ്മീരിലെത്തിയത്. 140 ദിവസം കൊണ്ട് 4080 കിലോമീറ്റർ ദൂരമാണ് യാത്ര പിന്നിട്ടത്.
ഞായറാഴ്ച രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിച്ചിരുന്നു. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പതാക ഉയർത്തിയശേഷം ‘ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോൽക്കും, സ്നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



