15
Apr 2023
Sat
15 Apr 2023 Sat

കൊച്ചി: ബിഗ് ബോസ് സീസൺ 5ൽ മത്സരാർത്ഥികൾ അവരുടെ ജീവിത കഥ പറയുന്ന ഭാഗം ഓരോ വ്യക്തികളെ കൂടുതൽ അറിയാൻ പ്രേക്ഷകരെ സഹായിക്കാറുണ്ട്. ലച്ചു എന്ന ഐശ്വര്യ സുരേഷാണ് എപ്പിസോഡിൽ തന്റെ മനസ്സ് തുറന്നത്. തനിക്ക് ബാല്യകാലത്ത് ലൈംഗിക പീഡനം നേരിടേണ്ടി വന്നെന്നും പിന്നീടും പുരുഷന്മാരിൽ നിന്ന് തനിക്ക് ദുരനുഭങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ലച്ചു പറഞ്ഞത്.’

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

’13 വയസ്സു മുതൽ ആറു വർഷം ബ്രൂട്ടലി റേപ്പ് ചെയ്യപ്പെട്ടു. സൗത്ത് ആഫ്രിക്കയിൽ വച്ചായിരുന്നു അത് സംഭവിച്ചത്. എത്ര പേർ എന്നോട് ഈ ക്രൂരത കാണിച്ചെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ തെറ്റാണെന്നു വരെ ഞാൻ വിശ്വസിച്ചു. പിന്നീട് ഒരു ബുക്ക് വായിച്ചപ്പോഴാണ് ഇതിൽ ഞാൻ തെറ്റുകാരിയല്ലെന്ന ബോധം എനിക്കു വന്നത്. പതിനെട്ടു വയസ്സിൽ ഞാൻ വീടു വിട്ടിറങ്ങി. പിന്നീട് ഉണ്ടായ പ്രണയബന്ധത്തിലും ഞാൻ ദുരനുഭവങ്ങൾ നേരിട്ടു. എന്റെ വസ്ത്രധാരണത്തിന്റെ പേരിലും ശാരീരികമായി പലരും ഉപദ്രവിച്ചു” ലച്ചു പറഞ്ഞു.

ലച്ചുവിന്റെ വാക്കുകൾ ബിഗ് ബൗസിനെയൊന്നാകെ ദുഖത്തിലാഴ്ത്തി. ദേവുവിനു പാനിക്ക് അറ്റാക്കുമുണ്ടായി. കുറച്ചധികം നേരത്തിനു ശേഷമാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ആ ഷോക്കിൽ നിന്നും തിരിച്ചുവരാനായത്.

ഞാൻ ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതും വളർന്നതും. എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു. എനിക്ക് 13 വയസുള്ളപ്പോൾ മാതാപിതാക്കളെക്കാൾ എന്നെ സ്‌നേഹിച്ച ആ സഹോദരൻ ഒരു അപകടത്തിൽ മരിച്ചു. തുടർന്ന് 13മത്തെ വയസ് മുതൽ ആറു വർഷത്തോളം ഞാൻ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയിൽ ക്രൂരമായി ഞാൻ പീഡിപ്പിക്കപ്പെട്ടു. അത് ഒരാളിൽ നിന്നല്ല പലരിൽ നിന്നും നേരിട്ടു.

ഇന്ത്യയിലേക്ക് വന്ന സമയത്ത് എനിക്കൊരു കാമുകൻ ഉണ്ടായിരുന്നു. എന്നാൽ മദ്യത്തിന് അടിമയായ അയാളും എന്നെ ഏറെ ഉപദ്രവിച്ചു. ഒരിക്കൽ കാറിൽ വച്ച് എന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. എങ്കിലും ഞാൻ സ്വന്തം കാലിൽ തന്നെയാണ് നിന്നത്. എന്നാൽ ഒരു ദിവസം എൻറെ വീട്ടിന് അടുത്തുള്ള രണ്ടുപേർ എൻറെ വീട്ടിലേക്ക് അതിക്രമിച്ച് കയറി എന്നെ ക്രൂരമായി മർദ്ദിച്ചു. എൻറെ കൈ ലാപ്‌ടോപ്പിൻറെ കേബിൾ വച്ച് കെട്ടി എന്നെ ചവുട്ടി അതിൻറെ പരിക്കിൽ നിന്നും മോചിതയാകാൻ എനിക്ക് രണ്ട് മാസത്തോളം എടുത്തു.

എന്നെ ക്രൂരമായി മർദ്ദിക്കാൻ ഉണ്ടായ കാരണമാണ് എന്നെ ഞെട്ടിച്ചത്. എൻറെ വീട്ടിൽ ഞാൻ ഫാൻസി ലൈറ്റുകളും മറ്റും തൂക്കിയിരുന്നു. അത് കണ്ട് ഞാൻ എൻറെ വീട്ടിൽ വേശ്യാലയം നടത്തുകയാണ് എന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒപ്പം മോഡലിംഗും മറ്റും ചെയ്യുന്ന എൻറെ വസ്ത്രം കണ്ട് ഞാൻ ഒരു അഭിസാരികയായി തോന്നിയത്രെ. ഇനിയിപ്പോ അങ്ങനെയാണെങ്കിൽ തന്നെ എന്നെ എൻറെ വീട്ടിൽ കയറി തല്ലാൻ അവർക്കെന്ത് അധികാരം. അവർ പൊലീസിൽ അറിയിക്കുകയല്ലെ വേണ്ടത്.

ഒരു സ്ത്രീക്കെതിരെ അതിക്രമം നടന്നാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണം എന്നാണ് നിയമം പറയുന്നത്. എന്നാൽ എന്നെ ആക്രമിച്ചവരെ ഇതുവരെ തൊട്ടിട്ടില്ല. ഞാൻ ഇപ്പോഴും പരാതിയുമായി നീതി നേടി അലയുന്നു. ശരിക്കും അവരുടെ പ്രശ്‌നം 21 വയസുള്ള ഞാൻ സ്വതന്ത്ര്യയായി ജീവിക്കുന്നു എന്നതാണെന്നാണ് എനിക്ക് മനസിലായത്. പക്ഷെ അവർ ശിക്ഷിക്കപ്പെട്ടില്ല. ഈ വേദിയിൽ ഇത് തുറന്ന് പറഞ്ഞാലെങ്കിലും അവർക്കെതിരെ നടപടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

എന്നെ ഇതിൽ നിന്നെല്ലാം മുക്തയാക്കി ഇത്തരം ഒരു വേദിയിലേക്ക് ഊർജ്ജം നൽകിയത് എൻറെ ഇപ്പോഴത്തെ പാർട്ണറാണ്. എന്നോട് ചെയ്ത അക്രമങ്ങളുടെ പേരിൽ ലോകത്തിലെ എല്ലാ പുരുഷന്മാരെയും ഞാൻ കുറ്റം പറയുന്നില്ല. എന്നെ ആക്രമിച്ചത് എല്ലാം ആൽഫ മെയിൽ ആണ്. അവർ അവരുടെ തെറ്റ് പോലും ഇതുവരെ മനസിലാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങൾക്കെതിരായ നിയമങ്ങളും പ്രതിരോധവും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ കൊണ്ടുവരണം. എത്ര തകർക്കാൻ നോക്കിയാലും ഞാൻ തകരില്ല – ലച്ചു തൻറെ ജീവിതം പറഞ്ഞ് നിർത്തി. ഈ സമയം ബിഗ്‌ബോസ് വീട്ടിലെ പലരും കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.

അതേസമയം, തന്റെ മകൾക്കും അതേ പ്രായമാണെന്നും അവളെ താൻ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു പ്രയാസപ്പെട്ടു. മനീഷയടക്കമുള്ളവർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ദേവുവിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.

പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടർന്ന് താരത്തെ എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിൻറെ സ്ഥിതി മോശമായി. ഇതോടെ ദേവുവിന് വൈദ്യ സഹായം നൽകാൻ ബിഗ്‌ബോസ് നിർദേശിച്ചു. ഇതോടെ ദേവുവിനെ കയ്യിലേറ്റി അനിയൻ മിഥുൻ കൺഫഷൻ റൂമിലേക്ക് കുതിച്ചു.

ഇതോടെ മനീഷ പൊട്ടിക്കരഞ്ഞു. ബാക്കി വീട്ടിലെ അംഗങ്ങളെ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ സമയം എയ്ഞ്ചലിനയും ഒരു ഭാഗത്ത് നിന്നും കരയുന്നുണ്ടായിരുന്നു.