|
കീഴുദ്യോഗസ്ഥരായ അഞ്ച് പേരെ സ്റ്റേഷനിലെ ലോക്കപ്പിലിട്ട് പൂട്ടി മേലുദ്യോഗസ്ഥൻ. ബീഹാറിലെ നവാഡ നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇവിടെയെത്തിയ പൊലീസ് സൂപ്രണ്ട് ഗൗരവ് മഗ്ലയാണ് എസ്ഐ അടക്കമുള്ള പൊലീസുകാരെ പൂട്ടിയിട്ടത്. എസ്ഐമാരായ ശത്രുഘ്നൻ പാസ്വാൻ, രാംരേഖ സിങ്, എഎസ്ഐമാരായ സന്തോഷ് പാസ്വാൻ, സഞ്ജയ് സിങ്, രാമേശ്വർ ഉറോൺ എന്നിവരെയാണ് എസ്പി ലോക്കപ്പിലിട്ടു പൂട്ടിയത്.
രണ്ട് മണിക്കൂറിന് ശേഷം അർധരാത്രിയോടെയാണ് ഇവരെ തുറന്നുവിട്ടത്. സംഭവത്തിൽ എസ്പിക്കെതിരെ പൊലീസുകാർക്കിടയിൽ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്. എസ്പിക്കെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ രംഗത്തെത്തി.
അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് എസ്പിയുടെ വാദം. താൻ ഉദ്യോഗസ്ഥരെ ലോക്കപ്പിലടച്ചെന്നത് വ്യാജ വാർത്തയാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാളെ പിന്തുണച്ച് സ്റ്റേഷൻ ഇൻചാർജ് ആയ ഇൻസ്പെക്ടർ വിജയ് കുമാർ സിങ്ങും രംഗത്തെത്തി.
സെപ്തംബർ എട്ടിനാണ് സംഭവം. ഒരു കേസിന്റെ അവലോകനത്തിനായി ഏകദേശം ഒമ്പതു മണിയോടെയാണ് എസ്പി സ്റ്റേഷനിലെത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതോടെ ദേഷ്യപെട്ട എസ്പി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ലോക്കപ്പിലിടയ്ക്കാൻ കൽപിക്കുകയായിരുന്നു. എന്നാൽ എന്താണ് വീഴ്ചയെന്ന് വ്യക്തമാക്കാൻ പൊലീസ് വൃത്തങ്ങൾ തയാറായില്ല.
സംഭവത്തിൽ എസ്പിയുമായി സംസാരിക്കാൻ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ബിഹാർ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് മൃത്യുഞ്ജയ് കുമാർ സിങ് വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
നവാഡ ഏരിയാ പൊലീസിന്റെ തലവനായ എസ്‌പി സിസിടിവിയിൽ കൃത്രിമം കാണിച്ചേക്കാമെന്ന ഭയവും അദ്ദേഹം പ്രകടിപ്പിച്ചു. എസ്പിയുടെ പ്രവർത്തനങ്ങൾ ജൂനിയർ ഓഫീസർമാരുടെ മനോവീര്യം കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉടൻ എസ്പിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും മൃത്യുഞ്ജയ് സിങ് ആവശ്യപ്പെട്ടു.
അതിനിടെ, കീഴുദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതിൽ തീവ്രമായ നടപടികളിലേക്ക് കടക്കരുതെന്ന് എല്ലാ മുതിർന്ന ഉദ്യോഗസ്ഥർക്കും ബീഹാർ ചീഫ് സെക്രട്ടറി നിർദേശം നൽകി.



