22
Aug 2022
Fri
22 Aug 2022 Fri

​ഗുജറാത്ത് മുസ് ലിം വംശഹത്യയിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ ഗുജറാത്ത് മാപ്പ് നൽകി വിട്ടയച്ച 11 പേരും ബ്രാഹ്മണരായ നല്ലമനുഷ്യരാണെന്ന് ബിജെപി എംഎൽഎ സി കെ റൗൽജി. ബിജെപി സർക്കാർ മാപ്പ് നൽകി  വിട്ടയച്ച പ്രതികളെ മാലയിട്ടും മധുരം നൽകിയും സ്വീകരിച്ച സംഭവത്തിൽ രാജ്യവ്യാപകം പ്രതിഷേധം ഉയരുന്നതിനിടെയാണ് ​ഗോധ്രയിൽ നിന്നുള്ള ബിജെപി എംഎൽഎയുടെ വിശദീകരണം. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനായി സർക്കാരിന് റിപോർട്ട് സൽകിയ പാനലിലെ രണ്ട് ബിജെപി നേതാക്കളിൽ ഒരാളാണ് സി കെ റൗൽജി. പ്രതികളിലൊരാൾ മോചനം തേടി സുപ്രിംകോടതിയെ സമീപിക്കുകയും വിഷയം കോടതി ​ഗുജറാത്ത് സർക്കാരിന് വിടുകയുമായിരുന്നു. തുടർന്നാണ് ​ഗുജറാത്ത് സർക്കാർ വിഷയം പഠിക്കുന്നതിന് സമിതിയെ നിയമിച്ചത്. ഈ സമിതി പ്രതികളെ മോചിപ്പിക്കുന്നതിന് അനുകൂലമായി ഐകഖണ്ഡ്യേന തീരുമാനമെടുക്കുകയായിരുന്നു.

 

അവർ കുറ്റകൃത്യം ചെയ്തോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരുന്നിരിക്കണമെന്ന് സി കെ റൗൽജി മോജോ സ്റ്റോറിയുടെ ലേഖകനോടു പറഞ്ഞു. അവർ ബ്രാഹ്മണരാണ്. നല്ല സംസ്കാരത്തിന് പേരുകേട്ടവരാണ് ബ്രാഹ്മണർ. ചിലരുടെ ദുരദ്ദേശമായിരുന്നിരിക്കാം അവരെ ഒറ്റപ്പെടുത്തി ശിക്ഷിക്കുകയെന്നതെന്നും എംഎൽഎ പറഞ്ഞു. പ്രതികൾ ജയിലിലും സദ്സ്വഭാവം കാഴ്ചവച്ചിരുന്നുവെന്നും ബിജെപി എംഎൽഎ കൂട്ടിച്ചേർത്തു. 

 

സ്വാതന്ത്ര്യദിനത്തിലായിരുന്നു പ്രതികൾ ജയിൽ മോചിതരായത്. സ്ത്രീശാക്തീകരണത്തിനു വേണ്ടി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനായതും അന്നുതന്നെയായിരുന്നു. അഞ്ചുമാസം ​ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്യുകയും ഏഴുപേരെ വധിക്കുകയും ചെയ്ത പ്രതികൾ ജയിൽമോചിതരായി പുറത്തിറങ്ങിയപ്പോൾ ഹാരമണിയിച്ചും മധുരം നൽകിയും സ്വീകരിച്ചതും ഇരയെയും കുടുംബത്തെയും അവഹേളിക്കുന്ന നടപടിയായിരുന്നു. 
പ്രതികളെ വെറുതെവിട്ടതോടെ തന്റെയും കുടുംബത്തിന്റെയും സമാധാനജീവിതം നഷ്ടമായെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും ബിൽക്കിസ് ബാനുവും ഭർത്താവും പ്രതികരിച്ചിരുന്നു.