കുവൈത്ത് സിറ്റി: കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ ഇനിയും ലക്ഷക്കണക്കിന് പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 31 ന് രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 31 ന് മുമ്പ് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
|
ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്നത് സര്‍ക്കാര്‍, ബാങ്കിംഗ് ഇടപാടുകള്‍ താല്‍ക്കാലികമായി തടസ്സപ്പെടും. ബയോമെട്രിക്‌സ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ ഇടപാടുകളും (റെസിഡന്‍സി പുതുക്കല്‍ ഉള്‍പ്പെടെ) ഡിസംബര്‍ അവസാനത്തോടെ നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സാഹെല്‍ ആപ്പ് വഴിയോ മെറ്റാ പ്ലാറ്റ്‌ഫോം വഴിയോയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ബയോമെട്രിക് രജിസ്‌ട്രേഷനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ആറ് ഗവര്‍ണറേറ്റുകളിലെയും സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും ഉമ്മുല്‍ഹൈമാനിലെയും ജഹ്‌റയിലെയും നിശ്ചിത വിരലടയാള കേന്ദ്രങ്ങളിലും അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും ബയോമെട്രിക്‌സ് പൂര്‍ത്തിയാക്കാനും സൗകര്യം ഉണ്ട്.
ഏകദേശം 5.3 ലക്ഷം പ്രവാസികള്‍ ഇതുവരെ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സ്വദേശികളുടെ എണ്ണം ഏകദേശം 21 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ചതിന് ശേഷം 30 ലക്ഷത്തോളം പേരാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇതുവരെ ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത എല്ലാ പ്രവാസികളും ഡിസംബര്‍ 31ന് മുമ്പ് അത് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സമയപരിധി അടുക്കുമ്പോള്‍, എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും എന്നതിനാല്‍ അവസാനത്തേക്ക് വരെ കാത്തുനില്‍ക്കരുതെന്നും അധികൃതര്‍ പറഞ്ഞു.
Biometric registration should be taken by December 31, warns Kuwait


