തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗണ്‍സിലർ അറസ്റ്റില്‍. അഡ്വ. വി ജി ഗിരികുമാറാണ് അറസ്റ്റിലായത്. പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറാണ് ഗിരികുമാര്‍.
|
പ്രതികളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതും സഹായം ചെയ്തതും ഗിരികുമാര്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പ്രതികളുമായി കൗണ്‍സിലര്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലും തെളിവ് നശിപ്പിച്ചതിലും ഗിരികുമാറിന് പങ്കുണ്ടെന്നാണ് സൂചന.
ഇയാളെ കൂടാതെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരുമംകുളം സ്വദേശി ശബരി അറസ്റ്റിലായിരുന്നു. നേരത്തെ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവദിവസം ആശ്രമത്തിൽ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാർ ആണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യയിൽ അറസ്റ്റ് ചെയ്പ്പെട്ട കൃഷ്ണകുമാർ റിമാൻഡിൽ ആയിരുന്നു.
2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായി കേടുപാടുകളും സംഭവിച്ചിരുന്നു.
തീയിട്ടവര്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാര്‍ത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. നേരത്തെ, കേസിലെ ഒന്നാം പ്രതിയായ പ്രകാശ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.





