ഹരിദ്വാറില്‍ 13 കാരിയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു; ബി.ജെ.പി സംസ്ഥാന നേതാവും കൂട്ടാളിയും അറസ്റ്റില്‍
|
ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഹരിദ്വാറില്‍ 13 കാരിയായ ബാലികയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന നേതാവും കൂട്ടാളിയും അറസ്റ്റില്‍. ബിജെപി മുന്‍ നിയമസഭാ സ്ഥാനാര്‍ഥിയും ഒ.ബി.സി മോര്‍ച്ച സംസ്ഥാന നിര്‍വാഹകസമിതിയംഗവുമായ ആദിത്യരാജ് സൈനിയും കൂട്ടാളി അമിത് സൈനിയും ആണ് അറസ്റ്റിലായത്. തന്റെ കീഴില്‍ ജോലിചെയ്യുകയായിരുന്ന 13 കാരിയെയാണ് ആദിത്യരാജ് കാമവെറിക്കിരയാക്കി കൊന്നത്.
ഞായറാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായതോടെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആദിത്യരാജിന്റെ ക്രൂരത പുറത്തായത്.
മാതാവ് നല്‍കിയ പരാതിയില്‍നിന്ന്: കാണാതായതോടെ ഞായറാഴ്ച വൈകിട്ട് മകളെ ഫോണില്‍ വിളിച്ചപ്പോള്‍ ആദിത്യരാജ് ആണ് എടുത്തത്. കുട്ടി എന്റെ കൂടെയുണ്ടെന്ന് അയാള്‍ പറുയകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയുംചെയ്തു. അടുത്തദിവസം രാവിലെ സ്‌കൂള്‍ സമയമായിട്ടും കുട്ടി വരാതിരുന്നതോടെ ആദിത്യരാജിന്റെ വീട്ടിലെത്തി അന്വേഷിച്ചു. ഈ സമയം അവിടെ ഇയാളുടെ കൂട്ടാളി അമിത് സൈനിയും ഉണ്ടായിരുന്നു. മകളെ തെരഞ്ഞെങ്കിലും വീട്ടിനുള്ളില്‍ കണ്ടെത്തിയില്ല. ഇതോടെ പൊലിസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, പരാതിപ്പെട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇത് ഞങ്ങള്‍ പരിഹരിച്ചോളാമെന്ന് ഇരുവരും പറയുകയും ചെയ്‌തെന്നും ബാലികയുടെ അമ്മ പറഞ്ഞു.
എന്നാല്‍ അന്ന് വൈകീട്ടോടെ തന്നെ കുട്ടിയുടെ അമ്മ പൊലിസില്‍ പരാതിപ്പെട്ടു. പൊലിസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് സെന്ററിന് സമീപത്തുവച്ചാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.
പരിശോധനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതോടെ ആദിത്യരാജിനെതിരേ കേസെടുത്തു. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള ഐ.പി.സിയിലെ വിവിധവകുപ്പുകളും പോക്‌സോയും ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു. വില്ലേജ് പ്രധാനിയുടെ ഭര്‍ത്താവ് കൂടിയാണ് ആദിത്യരാജ്.
BJP leader Aditya Raj Saini suspended from OBC commission chairman’s post over Pocso charges





