17
Jul 2023
Thu
17 Jul 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവും നടനുമായ മായങ്ക് മധൂര്‍. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കങ്കണ ഉപയോഗിച്ചെന്നും ‘തേജസ് ‘ എന്ന ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും മായങ്ക് പറഞ്ഞു. കങ്കണ പ്രധാന വേഷത്തിലെത്തുന്ന തേജസിന്റെ റിലീസ് തടയുന്നതിനായി കോടിതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

‘തേജസ്’ ചിത്രീകരിക്കാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ അനുമതി ലഭിക്കാതിരുന്നപ്പോള്‍ കങ്കണയെ സഹായിച്ചത് താനായിരുന്നുവെന്ന് മായങ്ക് പറയുന്നു. ഇതിന് പകരമായി സിനിമയില്‍ വേഷം നല്‍കാമെന്ന് കങ്കണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പാലിച്ചില്ലെന്ന് മായങ്ക് വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു മധൂറിന്റെ പ്രതികരണം.

‘മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധപ്പെടാന്‍ കങ്കണയെ ഞാന്‍ സഹായിച്ചു. രാജ്‌നാഥ് സിങ്ങുമായി രണ്ട് മണിക്കൂറാണ് കൂടിക്കാഴ്ച നടത്തിയത്. തേജസില്‍ 15 മിനിറ്റുള്ള വേഷമാണ് വാഗ്ദാനം ചെയ്തത്. പിന്നീട് അത് കുറഞ്ഞുകുറഞ്ഞ് വന്നു. ഒടുവില്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷത്തിനായി വരാന്‍ പറഞ്ഞു. താത്പര്യമില്ലെന്ന് ഞാന്‍ അറിയിക്കുകയായിരുന്നു-മധുര്‍ പറഞ്ഞു.

 

ഞാന്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എപ്പോഴാണ് കോടതിയെ സമീപിക്കുകയെന്ന് ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. സിനിമയുടെ അണിയറക്കാര്‍ അറസ്റ്റ് ചെയ്യപ്പെടണം. നിയമത്തിന് അനുസൃതമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ‘ടിക്കു വെഡ്‌സ് ഷേരു’വില്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ എന്ന് പേര് വെക്കാമെന്ന് കങ്കണ പറഞ്ഞിരുന്നുവെങ്കിലും പ്രത്യേക നന്ദി മാത്രമാണ് ടൈറ്റില്‍ ക്രെഡിറ്റ്‌സില്‍ നല്‍കിയത്’, മായങ്ക് മധൂര്‍ പറഞ്ഞു.

എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ‘തേജസ്’ ഒക്ടോബര്‍ 20-ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമര്‍ജന്‍സി ‘യാണ് പുറത്തിറങ്ങാനുള്ള മറ്റൊരു കങ്കണ ചിത്രം. എമര്‍ജന്‍സി സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്.