Gujarat local body election അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗംഭീര വിജയം. സംസ്ഥാനത്തെ 15 കോര്‍പ്പറേഷനിലും ബിജെപി വിജയിച്ചു. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്.
|
ഗുജറാത്തിലെ 1044 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 732 എണ്ണവും ബിജെപി നേടി. കോണ്‍ഗ്രസ് 65 സീറ്റിലും ആംആദ്മി അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ 11 സീറ്റിലുമാണ് വിജയിച്ചത്.
ആകെ 192 സീറ്റുകളുള്ള അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 158 സീറ്റുകളിലും സൂറത്ത് കോര്‍പ്പറേഷനില്‍ 115 സീറ്റുകളിലും രാജ്കോട്ട് കോര്‍പ്പറേഷനില്‍ 72ല്‍ 65 സീറ്റും വഡോദരയില്‍ 76ല്‍ 69 സീറ്റുകളും ബിജെപി നേടി. 84 മുന്‍സിപ്പാലിറ്റികളിലായി 1688 സീറ്റുകളും 34 ജില്ലാ പഞ്ചായത്തുകളിലായുള്ള 1090 സീറ്റുകളില്‍ 503 സീറ്റുകളും ബിജെപി കരസ്ഥമാക്കി.
മുന്‍സിപ്പാലിറ്റിയില്‍ 389 സീറ്റുകളും ജില്ലാ പഞ്ചായത്തുകളില്‍ 68 സീറ്റുകളുമാണ് കോണ്‍ഗ്രസ് നേടിയത്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നത് ശ്രദ്ധേയമായി. 12ാം വാര്‍ഡില്‍ അര്‍ഷാദ് ജരിവാല വിജയിച്ചത് കോണ്‍ഗ്രസിന് തുണയായി.
സന്തോഷം പങ്കുവച്ച് മോദി
ഗുജറാത്തിലെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന് മോദി എക്സില്‍ കുറിച്ചു. നല്ല ഭരണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജനം വോട്ട് ചെയ്തതെന്ന് മോദി പറഞ്ഞു.
‘വര്‍ഷങ്ങളായുള്ള ബിജെപിയുടെ കഠിനപ്രയത്നത്തെ ജനം സമ്മതിച്ചു. വരും കാലങ്ങല്‍ ഞങ്ങള്‍ കൂടുതല്‍ കഠിനധ്വാനം ചെയ്യുമെന്നും ഗുജറാത്തിനെ പുതിയ പുരോഗതിയിലേക്ക് കൊണ്ടുപോകുമെന്നും ജനങ്ങളോട് ഉറപ്പ് നല്‍കുന്നു’, നരേന്ദ്ര മോദി പറഞ്ഞു.





