02
Jun 2023
Mon
02 Jun 2023 Mon

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാന നേതൃത്വത്തിൽ പ്രധാന പദവി നൽകാൻ ബിജെപിയിൽ ധാരണ. നേരത്തേ അനിലിനെ ദേശീയ തലത്തിലേക്ക് പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സംസ്ഥാന തലത്തിൽ ചുമതല നൽകുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാത്രമല്ല കോൺഗ്രസ് വിട്ടെത്തുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന സന്ദേശം ഇതിലൂടെ നൽകുകയാണ് ബിജെപിയുടെ ലക്ഷ്യം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ അനിലിനെ മത്സരിപ്പിക്കാനുള്ള ആലോചനയും ബി ജെ പിയിൽ ശക്തമാണ്. മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് മത്സരിപ്പിക്കാനാണ് പാർട്ടിയിലെ ചർച്ചകൾ. ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ ആയിരിക്കും അനിലിനെ പരിഗണിച്ചേക്കുക.

ബിജെപി സംസ്ഥാന ഘടകത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നേരിയ അഴിച്ചുപണി ഉണ്ടാകും. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് എം.ടി.രമേശ് മാറിയേക്കും. രമേശിനെ ദേശീയ നിർവാഹകസമിതിയിലേക്കു കൊണ്ടുപോകാനാണു നീക്കം. നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി ദേശീയ നേതാക്കളുടെ സന്ദർശനം നടന്നുവരികയാണ്. ദേശീയ നേതാവ് മുഖ്താർ അബ്ബാസ് നഖ്വി ഇന്നും നാളെയും വയനാട്, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിൽ യാത്ര ചെയ്യുന്നുണ്ട്.