ന്യൂഡല്‍ഹി: ധ്രുവീകരണ രാഷ്ട്രയത്തിലൂടെ വോട്ട് നേടിയെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം തുടര്‍ന്ന് ബിജെപി. ഹിന്ദു സമുദായത്തെ മുസ്ലിംകള്‍ക്കെതിരേ ഇളക്കി വിടുന്ന വീഡിയോകള്‍ക്ക് പിന്നാലെ സിഖ് സമുദായത്തെ ലക്ഷ്യമിടുന്നതാണ് പുതിയ പ്രചാരണം. (bjp-new-ad-draws-flak-for-provoking-sikhs-against-muslims)
|
സിഖ് സമുദായത്തെ കോണ്‍ഗ്രസില്‍ നിന്നകറ്റുന്നതിന് സിഖ്-മുസ്ലിം വിദ്വേഷം ആളിക്കത്തിക്കാനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സിഖുകാരുടെ സ്വത്തുക്കള്‍ മുസ്ലിംകള്ക്ക് നല്‍കുമെന്ന് ധ്വനിപ്പിക്കുന്ന വീഡിയോ ആണ് പാര്‍ട്ടി പഞ്ചാബില്‍ പുറത്തിറക്കിയത്. ജൂണ്‍ 1ന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലെ സിഖ് ഭൂരിപക്ഷ വോട്ടില്‍ കണ്ണുനട്ടാണ് ഈ വിദ്വേഷപ്രചാരണം.
ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഇന്നലെയാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്. വീട്ടിന് മുന്നില്‍ ‘ശൈഖ് ഇര്ഫാന്’ എന്നെഴുതിയ നെയിംപ്ലേറ്റ് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാള്‍ സിഖുകാരന്റെ വീട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതായി കാണിക്കുത്. ഇത് സിഖുകാരന് ചോദ്യം ചെയ്യുന്നു.
ഇതിന് മറുപടിയായി, രാഹുല്‍ ഗാന്ധി അധികാരത്തില്‍ വന്നാല്‍ നിങ്ങളുടെ സ്വത്തുക്കള്‍ ഞങ്ങള്‍ക്ക് വിഭജിച്ച് തരുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് വീഡിയോ എടുക്കുന്നയാള്‍ പറയുന്നു. അപ്പോള്‍ ഒരുതവണ വിഭജിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ലെന്ന് സിഖുകാരന് പ്രതികരിക്കുന്നു. നീതിക്ക് വേണ്ടിയാണ് രാഹുല്‍ ഈ വിഭജനം നടത്തുന്നത് എന്നാണ് അപ്പോള്‍ മറ്റെയാളുടെ മറുപടി. അങ്ങനൈയങ്കില്‍ ‘ഇര്ഫാന് മിയ’യുടെ (മുസ്ലിം സമുദായത്തിന്റെ) സ്വത്ത് കൂടി ചിത്രീകരിക്കൂ എന്ന് സിഖുകാരന് നിര്‍ദേശിക്കുന്നു. അത് കോണ്‍ഗ്രസ് ചെയ്യില്ലെന്നും മുസ്ലിം സമുദായത്തോട് പ്രീണനമാണെന്നും സൂചിപ്പിക്കുന്ന മറുപടിയാണ് ഇതിന് നല്‍കുന്നത്.
വിദ്വേഷ പ്രസംഗങ്ങളും ഡിജിറ്റല്‍ പരസ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ബി.ജെ.പിക്കെതിരെ നിരവധി പരാതികള്‍ ഇതിനകം തെരഞ്ഞെടുപ്പ് കമീഷന് പലരും നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിലൊന്നും ഇതുവരെ നടപടി എടുത്തിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അമുസ്ലിംകളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്ലിംകള്ക്കിടയില് വിതരണം ചെയ്യുമെന്ന് മോദി ആരോപിച്ചിരുന്നു.





