കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതം മാറും മുമ്പ് ബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി.(BJP panchayath members flock to TMC) കൂച്ച്ബിഹാറില്‍ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂച്ച്ബിഹാറില്‍ 128 പഞ്ചായത്തുകളില്‍ 104 ഇടത്ത് ടി.എം.സിയും 24 ഇടത്ത് ബിജെപിയുമാണ് അധികാരത്തിലെത്തിയത്. ഇതുവരെ 130 പഞ്ചായത്തംഗങ്ങള്‍ ബിജെപി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നെന്നും ഇനിയും നിരവധി പേര്‍ ചേരുമെന്നും ടി.എം.സി അവകാശപ്പെട്ടു
|
അതേസമയം, ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാര്‍ട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാര്‍ട്ടി മാറ്റം തടയാന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ കഴിയാത്ത ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്. അണികളില്‍ അമര്‍ഷവും നിരാശയും പടരുന്നതിനിടയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി ടി.എം.സിയില്‍ ചേര്‍ന്നത്.
കൂച്ച് ബിഹാര്‍ ജില്ലാ ഓഫീസില്‍ തൃണമൂല്‍ പതാക ഉയര്‍ത്തി ജില്ലാ ടിഎംസി പ്രസിഡന്റ് അഭിജിത്ത് ഡി ഭൗമിക് ബി.ജെ.പി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.”മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ കൂച്ച് ബിഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ തൃണമൂലില്‍ ചേരുകയാണ്. നേരത്തെ 130 പഞ്ചായത്ത് അംഗങ്ങള്‍ ബിജെപി വിട്ട് ടിഎംസിയില്‍ ചേര്‍ന്നിരുന്നു. ബാക്കിയുള്ളവരും ഉടന്‍ പാര്‍ട്ടി വിട്ടെത്തും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ശൂന്യമാകും”. അഭിജിത്ത് ഡി ഭൗമിക് പറഞ്ഞു.





