ബംഗളൂരു: കര്‍ണാടക മാണ്ഡ്യ ജില്ലയിലെ നാഗമണ്ടലയില്‍ ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ സംഘര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി. (BJP says PFI behind communal conflict in Nagamandala; Govt says no evidence of PFI involvement) നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള മലയാളികള്‍ക്ക് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവരാണ് സംഘര്‍ഷത്തിന് പിന്നിലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മാണ്ഡ്യ ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെലുവരായസ്വാമി പറഞ്ഞു.
|
”നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള കേരളക്കാര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പ്രദേശവാസികള്‍ സംശയിക്കുന്നുണ്ട്. സംഘര്‍ഷം നടക്കുന്നതിന് മുമ്പ് ഇവര്‍ 150 മാസ്‌ക്കുകള്‍ വാങ്ങുകയും സിസിടിവികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സംഘര്‍ഷമെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്”- പ്രതിപക്ഷ നേതാവ് ആര്‍ അശോക ആരോപിച്ചു.

എഫ്‌ഐആറില്‍ പേരുള്ള 65 പേരില്‍ 23 പേര്‍ ഹിന്ദുക്കളാണെന്ന് അശോക ചൂണ്ടിക്കാട്ടി. പോലീസിന് നിരോധിത സംഘടനയുടെ സമ്മര്‍ദ്ദമുണ്ടോ എന്ന് സംശയമുണര്‍ത്തുന്നതാണ് ഇതെന്ന് അശോക പറഞ്ഞു. അതു കൊണ്ട് ഈ കേസ് ലോക്കല്‍ പോലീസിന് തെളിയിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും അശോക ആവശ്യപ്പെട്ടു.
ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്ന ഏതാനും മലയാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി ചെലുവരായസ്വാമി പറഞ്ഞു. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ വന്ന് അക്രമം നടത്തി പോയി എന്ന് ഇതിന് അര്‍ത്ഥമില്ല. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ കലാപം നടക്കേണ്ടത് ആരുടെ ആവശ്യമായിരുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
നാഗമണ്ഡലയില്‍ ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് ഗണേശോല്‍സനത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് രാത്രിയോടെ ഒരു വിഭാഗത്തിന്റെ കടകളും വാഹനങ്ങളും ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിടുകയായിരുന്നു.
കല്ലേറില്‍ പോലിസുകാരുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. ബദ്രി കൊപ്പല്ലു വില്ലേജില്‍ നിന്നുള്ള ഗണേശ ഭക്തര്‍ ഒരു മുസ്ലിം പള്ളിക്ക് സമീപമെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ ചിലര്‍ കല്ലെറിഞ്ഞതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇതര ആരാധനാലയങ്ങള്‍ക്കു മുന്നില്‍ ഗണേശ വിഗ്രഹ എഴുന്നള്ളത്ത് നടത്തുന്നത് നിരോധിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.





