06
Jun 2024
Mon
06 Jun 2024 Mon
BJP woman Leader's Death Remains A Mystery after 9 months

രാഷ്ട്രീയനേതാക്കളുടെ രഹസ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുകള്‍ ലോക്കറില്‍ സൂക്ഷിച്ച ബിജെപി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 9 മാസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ല. മധ്യപ്രദേശിലെ ബിജെപി നേതാവ് മമ്ത യാദവിന്റെ മരണത്തിലാണ് പോലീസ് ഇരുട്ടില്‍ തപ്പുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് മമ്തയുടെ മൃതദേഹം കണ്ടത്. ശരീരത്തിലെ പച്ച കുത്തിയ അടയാളം കണ്ടത് മൃതദേഹം തിരിച്ചറിഞ്ഞത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് പോലീസുകാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഐക്യമില്ലായ്മ മൂലം മൃതദേഹം പോലും ഇതുവരെ വിട്ടുകൊടുക്കാതിരിക്കുന്നതിന് കാരണമാവുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 സപ്തംബര്‍ 11നാണ് മമ്ത വീട്ടില്‍ നിന്നുപോയത്. വായ്പ നല്‍കിയ 7 ലക്ഷം രൂപ വാങ്ങാനായി പ്രയാഗ് രാജിലേക്ക് പോവുന്നുവെന്നാണ് മമ്ത വീട്ടുകാരെ അറിയിച്ചിരുന്നത്. സപ്തംബര്‍ 21ന് മമ്ത സഹോദരുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. യുപി പോലീസിന് നിരവധി തവണ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

ഫെബ്രുവരിയില്‍ പ്രയാഗ് രാജ് പോലീസ് മമ്തയുടെ സഹോദരനെ വിളിച്ചുവരുത്തുകയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഫോട്ടോകള്‍ കാണിച്ച് സഹോദരിയെ തിരിച്ചറിയാനാവശ്യപ്പെട്ടു. 2023 സപ്തംബര്‍ 26ന് ലഭിച്ച മൃതദേഹം മറവുചെയ്തിരുന്നുവെന്നും പോലീസ് സഹോദരനെ അറിയിച്ചു.

ജീവനപകടത്തിലാണെന്ന് സഹോദരി തന്നോട് പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ രാജ്ഭന്‍ പറഞ്ഞു. അതിനാല്‍ തന്നെ സഹോദരിയെക്കുറിച്ച് വിവരം ലഭിക്കാതായതോടെ നിരവധി തവണ പോലീസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ സഹോദരി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പെന്‍ഡ്രൈവിലുണ്ടെന്നും ഇതിനാല്‍ തന്നെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും രാജ്ഭന്‍ വെളിപ്പെടുത്തി.

മൃതദേഹം കണ്ടെത്തിയത് പ്രയാഗ് രാജ് പോലീസ് ആണെന്നും അന്വേഷണം നടത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും സംഭവത്തില്‍ എല്ലാവിധ തെളിവുകളും അവര്‍ക്കു കൈമാറിയതായും മമ്തയുടെ സ്വദേശമായ അശോക്‌നഗറിലെ പോലീസ് സൂപ്രണ്ട് വിനീത് ജെയിന്‍ പറഞ്ഞു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് ബിജെപി നേതാവിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഡിജിപിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.അതേസമയം മമ്തയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ബിജെപി നിലപാട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക