14
Jun 2026
Sun
14 Jun 2026 Sun

ന്യൂജേഴ്സി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ (1-1) പിരിയുകയായിരുന്നു. മൊറോക്കോയ്ക്കായി ഇസ്മായില്‍ സൈബാരിയും (Ismael Saibari) ബ്രസീലിനായി സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറും (Vinicius Junior) മനോഹരമായ ഗോളുകള്‍ നേടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ തുടക്കത്തില്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോയാണ് ആദ്യ ലീഡ് എടുത്തത്. സൂപ്പര്‍ താരം ബ്രാഹിം ഡയസ് (Brahim Diaz) നല്‍കിയ മികച്ചൊരു ത്രൂ ബോള്‍ പിടിച്ചെടുത്ത്, ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണെ കാഴ്ചക്കാരനാക്കി മനോഹരമായ ഒരു ലോബിലൂടെ ഇസ്മായില്‍ സൈബാരി പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്നും തന്റെ തനത് ശൈലിയില്‍ മൊറോക്കോ പ്രതിരോധത്തെ വെട്ടിച്ച് ബോക്‌സിനുള്ളിലേക്ക് കയറിയ വിനീഷ്യസ് ഉതിര്‍ത്ത മനോഹരമായ ഒരു കേളിംഗ് ഷോട്ട് മൊറോക്കോന്‍ ഗോള്‍കീപ്പറെ മറികടന്ന് വലയില്‍ പതിച്ചു.

അലിസണിന്റെ ഇരട്ട സേവ്

ആദ്യ പകുതിക്ക് വിപരീതമായി രണ്ടാം പകുതിയില്‍ ഇരു ടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയതോടെ കാര്യമായ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൊറോക്കോ കടുത്ത ആക്രമണം അഴിച്ചുവിട്ടു.

ഇഞ്ചുറി ടൈമില്‍ മൊറോക്കോന്‍ സ്‌ട്രൈക്കര്‍മാര്‍ തുടരെത്തുടരെ തൊടുത്ത രണ്ട് ഉറച്ച ഗോള്‍ ശ്രമങ്ങളാണ് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ അതിസാഹസികമായ ഇരട്ട സേവിലൂടെ തട്ടിയകറ്റിയത്. അലിസണിന്റെ ഈ അവസാന നിമിഷത്തെ ഹീറോയിസം തന്നെയാണ് തോല്‍വിയില്‍ നിന്നും ബ്രസീലിനെ രക്ഷിച്ചതും മത്സരം 1-1 എന്ന നിലയില്‍ അവസാനിപ്പിച്ചതും.

Brazil vs Morocco Highlights, FIFA World Cup 2026