കണ്ണൂര്‍: മുഹൂര്‍ത്തത്തിന് സമയമായിട്ടും വരനെത്തിയില്ല, പൊലീസിന്റെ സഹായത്തോടെ അന്വേഷിച്ചപ്പോള്‍ വന്‍ ട്വിസ്റ്റ്, വരന് ഭാര്യയും രണ്ട് മക്കളും
|
കണ്ണൂര്‍: മുഹൂര്‍ത്തത്തിന് സമയമായിട്ടും വരനെത്താതിരുന്നതോടെ വധുവിന്റെ ബന്ധുക്കള്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ ക്ലൈമാക്‌സില്‍ വന്‍ ട്വിസ്റ്റ്. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് യുവാവിനെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. യുവതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.
കണിച്ചാര്‍ പാറയപ്പട്ടണം സ്വദേശിയുമായി ബുധനാഴ്ചയാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. മുഹൂര്‍ത്തത്തിന്റെ സമയമായിട്ടും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതിരുന്നതോടെയാണ് കേളകം പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വരന്റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ഭാര്യയും രണ്ട് മക്കള്‍ക്കുമൊപ്പം ബംഗളൂരുവിലാണ് ഇയാള്‍ താമസിക്കുന്നത് എന്നറിഞ്ഞത്.
ഇരുവരും ഒന്നിച്ച് പഠിച്ചിരുന്നവരാണ്. സഹപാഠിസംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പരിചയം പുതുക്കിയത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. താനും വിവാഹമോചിതനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയുമായി അടുക്കുന്നത്. അങ്ങനെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവാവ് വിവാഹിതനാണെന്ന വിവരം പൊലീസ് യുവതിയെയും ബന്ധുക്കളെയും അറിയിച്ചതിനെത്തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി. യുവാവിനെ കണ്ടെത്തിത്തരണമെന്ന് മാത്രമാണ് യുവതിയും ബന്ധുക്കളും ആവശ്യപ്പെട്ടതെന്ന് പേലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.





