അമ്പതാം വാർഷികത്തിനോടനുബന്ധിച്ച് ബ്രിഡ്ജ് വേ ഗ്രൂപ്പ് ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി രാജ്യത്തെ മുൻനിര ഐഐടിയായ മദ്രാസ് ഐഐടിയുമായി കൈകോർക്കുന്നു. മലപ്പുറം ജില്ലയിലെ രണ്ടു സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഇന്ദിരാഗാന്ധി മെമോറിയൽ ഗവൺമെന്റ് ട്രൈബൽ സ്കൂൾ, പല്ലാരിമംഗലം ബഡ്സ് സ്കൂൾ(സ്പെഷ്യൽ സ്കൂൾ)എന്നിവിടങ്ങളിലാണ് ഡിവൈസ് എൻജിനീയർ ലാബ്സ് പദ്ധതി നടപ്പാക്കുന്നത്.
|
കേരളത്തിലാദ്യമായാണ് ഒരു ഐഐടി ഇത്തരമൊരു ദൗത്യത്തിൽ പങ്കാളിയാവുന്നത്. സൈദ്ധാന്തിക അറിവും പ്രായോഗികതയും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്. റോബോട്ടിക് , ത്രിമാന പ്രിന്റിങ്ങ്ങു എന്നിവയിൽ കുട്ടികൾക്ക് പ്രായോഗിക വൈദഗ്ധ്യവും ഡിവൈസ് എൻജിനീയറിങ് ലാബ് പദ്ധതി നൽകും. 3D പ്രിൻ്റിങ് സൗകര്യങ്ങളോടൊപ്പം പ്രായോഗിക STEM(സയൻസ്, ടെക്നോളജി,എൻജിനീയറിങ്, മാത്തമാറ്റിക്സ്) എക്സ്പോഷർ നൽകിക്കൊണ്ട് നേരിട്ട് പഠനം നൽകുകയാണ് ഉദ്ദേശ്യം .
സോഫ്റ്റ്‌വെയർ പ്രാവീണ്യം: സാങ്കേതിക വൈദഗ്ധ്യം നേടിക്കൊണ്ട് വിദ്യാർഥികൾ അത്യാവശ്യമായ 3D പ്രിൻ്റിങ് സോഫ്റ്റ്‌വെയർ പഠിപ്പിക്കുക ,വിദ്യാർഥികളിൽ ഉൽപ്പന്ന നിർമാണം പ്രോത്സാഹിപ്പിക്കുക , അവരുടെ പഠനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക, ഭാവിയിൽ ഉപജീവന സാധ്യതകൾ സൃഷ്ടിക്കുന്നതിന് വിദ്യാർഥികൾക്ക് സംരംഭക പരിശീലനം ലഭിക്കുക, പ്രോഗ്രാമിൻ്റെ ദീർഘായുസ്സ് ഉറപ്പാക്കാൻ സയൻസ് അധ്യാപകർക്ക് 3D പ്രിൻ്റിങ്ങിൽ പരിശീലനം നൽകുക, വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത വിദ്യാർഥികളെ യുവ സമപ്രായക്കാരെ പഠിപ്പിക്കാൻ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ചെയ്യുക. ആദിവാസി കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പോവുന്നത് തടയാനും കുട്ടികൾക്കിടയിൽ നിന്ന് എൻജിനീയർമാരെ വളർത്തിയെടുക്കുകയുമാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
ബ്രിഡ്ജ് വേ ഗ്രൂപ്പിന്റെ തലമുറമാറ്റം
ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, റിയൽ എസ്റ്റേറ്റ്, ട്രേഡ് ആൻഡ് മാർക്കറ്റിങ്, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, പ്രോപർട്ടീസ് ആൻഡ് പ്രോപർട്ടി മാനേജ്മെന്റ് എന്നിങ്ങനെ ഏഴ് പ്രധാന മേഖലകളിലായി 38 ബ്രാൻഡുകളാണ് ബ്രിഡ്ജ് വേയുടെ കീഴിലുള്ളത്. അരനൂറ്റാണ്ട് പിന്നിടുന്നതോടെ ബ്രിഡ്ജ് വേ ഗ്രൂപ്പ് പുതുതലമുറയെ ഏൽപ്പിക്കുകയാണ് പി വി അബ്ദുൽ വഹാബ്. മക്കളും ഗ്രൂപ്പിന്റെ സിഇഒയുമായ പി വി ജാബിർ അബ്ദുൽ വഹാബ്, ഡയറക്ടർമാരായ പി വി അജ്മൽ, പി വി അഫ്ദൽ, പി വി ജാവേദ് എന്നിവരാണ് ഇനി ബ്രിഡ്ജ് വേയെ നയിക്കുക.




