28
Jun 2024
Sat
28 Jun 2024 Sat
yediyurappa

ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പ പീഡിപ്പിച്ചത് ലൈംഗിക അതിക്രമ കേസില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ.  (BS Yediyurappa molested minor, gave money to girl) യദ്യൂരപ്പയ്‌ക്കെതിരായ പോക്സോ കേസിന്റെ കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങള്‍. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്(സി.ഐ.ഡി) ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 വയസുകാരിയെയാണ് യെദ്യൂരപ്പ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകള്‍ക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ നിയമ സഹായം തേടിയായിരുന്നു അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചത്.

പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോകുകയായിരുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന വ്യാജേനയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പേടിച്ചരണ്ട കുട്ടി യെദ്യൂരപ്പയുടെ കൈ തട്ടിമാറ്റുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണു കുട്ടിക്ക് ഒരു തുക നല്‍കിയ ശേഷം വാതില്‍ തുറന്നത്. പിന്നീട് അമ്മയ്ക്കും പണം നല്‍കിയ ശേഷം കേസില്‍ സഹായിക്കാനാകില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.

ഇതിനുശേഷം ഫെബ്രുവരി 20ന് യെദ്യൂരപ്പയുടെ വീട്ടില്‍ പോയതിന്റെ ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ യെദ്യൂരപ്പ ഇവരെ വീണ്ടും വീട്ടിലേക്കു വിളിപ്പിച്ചു. ബെംഗളൂരുവിലെ വസതിയിലെത്തിയ ഇവര്‍ക്കു കൂട്ടാളികള്‍ മുഖേനെ രണ്ടു ലക്ഷം രൂപ കൈമാറി. ഫേസ്ബുക്കില്‍നിന്നും മൊബൈല്‍ ഫോണ്‍ ഗാലറിയില്‍നിന്നും സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പോക്സോ നിയമത്തിലെ എട്ട്, ഐ.പി.സി 354എ വകുപ്പുകള്‍ പ്രകാരമാണ് ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. പീഡനക്കേസിലെ കുറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

എണ്‍പത്തിയൊന്നുകാരനായ യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ നിയമത്തിലെ 8 ,354 എ ,ഐപിസി 204, 214 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റു പ്രതികളായ യെദ്യൂരപ്പയുടെ പി എ അരുണ്‍ വൈ എം, രുദ്രേഷ് (ബിജെപി നേതാവ്), മാരിസ്വാമി (യെദ്യുരപ്പയുടെ ബന്ധു) എന്നിവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ല .

കേസുമായി ബന്ധപ്പെട്ടു 73 സാക്ഷി മൊഴികള്‍ അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്. പെണ്‍കുട്ടി മജിസ്ട്രേറ്റിനു മുന്‍പാകെ നല്‍കിയ രഹസ്യ മൊഴി കേസില്‍ നിര്‍ണായകമാണ്.

കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ ശബ്ദ സാമ്പിളുകള്‍ നേരത്തെ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് പരാതിയോടൊപ്പം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കാനായിരുന്നു ശബ്ദ സാമ്പിള്‍ ശേഖരിച്ചത്. ക്ലിപ്പിലെ ശബ്ദവുമായി യെദ്യൂരപ്പയുടെ ശബ്ദം യോജിച്ചതായുള്ള ശാസ്ത്രീയ പരിശോധന ഫലവും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.