|
ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് തേടിക്കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിസുപ്രീം കോടതി കഴിഞ്ഞവർഷം ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധിയിൽവ്യക്തത വേണം.
ബഫർ സോൺ നിർബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർ സോൺ ദൂപരിധിയിൽ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ ഹർജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൂരപരിധിയിൽ ഇളവ് നൽകുന്നതും പരിഗണിക്കാമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു.
23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥലലഭ്യത കുറവായതിനാൽ പരിസ്ഥിതിലോലമേഖല (ബഫർ സോൺ) എന്ന പേരിൽ കേരളത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി.വയനാട്, ഇടുക്കി കുമളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.



