ബിജെപി സര്‍ക്കാരുകളുടെ പൊളിച്ചുനീക്കല്‍ നടപടി ഒടുവില്‍ ബിജെപിയെ തന്നെ തിരിഞ്ഞുകൊത്തി. പൊതുനിരത്തില്‍ സ്ത്രീയെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി നേതാവിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നതോടെ ഇയാളുടെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയായിരുന്നു.
|
ബിജെപി കിസാന്‍ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ നോയിഡയിലെ സെക്ടര്‍ 93 ബിയിലെ കെട്ടിടഭാഗമാണ് പൊളിച്ചത്. പ്രതിഷേധത്തിനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീകാന്ത് ത്യാഗി പ്രദേശത്ത് വച്ച് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മരത്തൈ നടാനെത്തിയ ശ്രീകാന്ത് ത്യാഗിയെ നിയമപ്രശ്നം ഉന്നയിച്ച് യുവതി തടഞ്ഞിരുന്നു. ഇതാണ് പ്രശ്നകാരണമായത്.
ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഹൗസിങ് സൊസൈറ്റിയിലെത്തി ത്യാഗിയെ എതിര്‍ത്ത യുവതിയുടെ വിലാസം ചോദിച്ച് ബഹളമുണ്ടാക്കി. ഇതോടെ സംഭവത്തില്‍ പ്രതിഷേധമുയരുകയും ബിജെപി നേതാവിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം നല്കുന്ന ഫോട്ടോ ത്യാഗി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തന്റെ സ്വാധീനം തെളിയിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ത്യാഗിയുടെ അതിക്രമം വിവാദമായതോടെ ബിജെപി ഇടപെടാതെ മാറി നില്ക്കുകയാണുണ്ടായത്. പ്രതിഷേധം ശക്തമായതോടെയാണ് ശ്രീകാന്ത് ത്യാഗിയുടെ വീടിന്റെ ഒരുഭാഗം അധികൃതര്‍ പൊളിച്ചുനീക്കിയത്.
സമീപകാലത്ത് മുസ് ലിംകളുടെ വീടുകളും കടകളുമായി നിരവധി കെട്ടിടങ്ങളാണ് യോഗി സര്‍ക്കാര്‍ അനധികൃത നിര്‍മാണം ആരോപിച്ചു യുപിയില്‍ പൊളിച്ചുനീക്കിയത്.



