ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് യുവതി. അയാള്‍ മുട്ടിയുരുമ്മി നില്‍ക്കുകയായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്നും പലപ്പോഴായി ആവര്‍ത്തിച്ചതിനാലാണ് വീഡിയോ എടുത്തതെന്നും യുവതി പറഞ്ഞു.
|
അവര്‍ പറയുന്നത് ഇങ്ങിനെ:
‘പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസിലായിരുന്നു ഞാന്‍. നല്ല തിരക്കുണ്ടായിരുന്നു. എന്റെ മുന്നിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. അയാളുടെ മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖവും ഭാവവും കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ഭയങ്കര ഡിസ്‌കംഫര്‍ട്ടായിട്ടാണ് നില്‍ക്കുന്നതെന്ന്. അയാള്‍ ഒട്ടിപ്പിടിച്ചാണ് നില്‍ക്കുന്നത്, നമുക്ക് കാണുമ്പോള്‍ തന്നെ മനസിലാകും.
ഞാന്‍ അവരോട് ഒന്നും ചോദിച്ചില്ല, ഞാന്‍ ഫോണ്‍ കാമറ ഓണാക്കി പിടിച്ചു. കുറേ നേരം റെക്കോഡ് ചെയ്തിരുന്നില്ല, പിന്നെ റെക്കോഡ് ചെയ്തു. അത് അയാള്‍ കണ്ട സമയത്ത് കൂളായിട്ട് നിന്നു. പിന്നെ തിരക്കൊഴിഞ്ഞു, അപ്പോഴേക്കും ബസ്സ് സ്റ്റാന്‍ഡിലേക്കെത്തി. അയാള്‍ തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചോണ്ടിരുന്നപ്പോള്‍ പിന്നെയും ഞാന്‍ വീഡിയോ ഓണ്‍ ചെയ്തു. ഇറങ്ങുന്ന സമയത്ത് അയാളുടെ നേരെ പുറകില്‍ ഞാനാണ് ഉണ്ടായിരുന്നത്. എന്റെ ശരീരത്തിലേക്ക് അയാളുടെ കൈ തൊടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് വീഡിയോയില്‍ കാണാം.
ALSO READ: പാലക്കാട് ഒറ്റപ്പാലത്ത് അരുംകൊല; ദമ്പതികള്‍ വെട്ടേറ്റു മരിച്ചു
ഒരിക്കല്‍ അത് ചെയ്തപ്പോള്‍ ഞാന്‍ മാറി നിന്നു. അയാള്‍ വീണ്ടും അത് ആവര്‍ത്തിച്ചു. പിന്നീട് എന്താ ചേട്ടാ ഉദ്ദേശം എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വേഗത്തില്‍ നടന്നുപോയി. ഇത് കണ്ടപ്പോള്‍ മറ്റൊരു ചേട്ടന്‍ എന്താ സംഭവം എന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ അയാളുടെ പുറകെയൊന്നും പോകാന്‍ നിന്നില്ല. രണ്ട് വീഡിയോ ഉണ്ടായിരുന്നു. ആ വീഡിയോ ഷോട്ട് ആക്കിയിട്ട് നിങ്ങള്‍ പറയൂവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
ബസ്സില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വടകര സ്റ്റേഷനില്‍ പരിചയമുള്ള ഒരു പോലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. അയാളുടെ അഡ്രസ് പറയാനാണ് പറഞ്ഞത്. എങ്ങനെ കിട്ടാനാണ് അഡ്രസ്. ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. ഡീറ്റെയില്‍സ് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാം എന്ന് പോലീസുകാരനും പറഞ്ഞു. കിട്ടുകയാണെങ്കില്‍ അറിയിക്കണേയെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത്. അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്’, യുവതി പറഞ്ഞു.


