22
Jan 2023
Thu
22 Jan 2023 Thu

സെക്സ് വീഡിയോ കോളിന് ഇരയായ ​ഗുജറാത്തി ബിസിനസ്സുകാരന്റെ 2.69 കോടി രൂപ നഷ്ടമായി. പുനരുപയോ​ഗ ഊർജ സ്ഥാപനം നടത്തിപ്പുകാരനാണ് പണം നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം ആ​ഗസ്ത് എട്ടിന് ലഭിച്ച വീഡിയോ കോളോടെയാണ് തട്ടിപ്പ് തുടക്കമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോർബി സ്വദേശിയായ റിയ ശർമ എന്നു പരിചയപ്പെടുത്തിയ യുവതി ബിസിനസ്സുകാരനോട് വിവസ്ത്രനാവാൻ ആവശ്യപ്പെടുകയും അദ്ദേഹം അനുസരിക്കുകയും ചെയ്തു. ഉടൻ തന്നെ കോൾ കട്ടാവുകയും ന​ഗ്നവീഡിയോ ഷെയർ ചെയ്യാതിരിക്കണമെങ്കിൽ അമ്പതിനായിരം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം ഡൽഹി പൊലീസിൽ നിന്നുള്ള ഇൻസ്പെക്ടർ ആയ ​ഗുഡ്ഡു ശർമയെന്ന് പരിചയപ്പെടുത്തി ഒരു പുരുഷൻ ബിസിനസ്സുകാരനെ വിളിക്കുകയും വീഡിയോ ക്ലിപ്പ് തന്റെ പക്കലുണ്ടെന്നും ഇതിന് 3 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

ആ​ഗസ്ത് 14ന് ഡൽഹി പൊലീസ് സൈബർ സെല്ലിൽ നിന്നാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾ വിളിക്കുകയും ബിസിനസ്സുകാരനെ വീഡിയോ കോൾ വിളിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്നും കേസ് ഒതുക്കിതീർക്കാൻ 80.97 ലക്ഷം രൂപ നൽകണമെന്നും നിർദേശിച്ചു. ഇതോടെ ഭയചകിതനായ ബിസിനസ്സുകാരൻ ഈ തുക കൈമാറി. പിന്നീട് സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് മറ്റൊരാൾ വിളിക്കുകയും കേസ് ഒതുക്കിതീർക്കാൻ 8.5 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു.

ഡിസംബർ 15 വരെ ഇങ്ങനെ പലതവണ പണം കൈമാറിയതോടെയാണ് ബിസിനസ്സുകാരന് താൻ തട്ടിപ്പിനിരയായെന്ന് വ്യക്തമാവുന്നത്. തുടർന്ന് ജനുവരി 10ന് സൈബർ ക്രൈംബ്രാഞ്ചിൽ അദ്ദേഹം പരാതി നൽകുകയായിരുന്നു. 11 പേർ ചേർന്ന് തന്റെ 2.69 കോടി രൂപ തട്ടിയെടുത്തെന്ന് ബിസിനസ്സുകാരൻ പരാതിയിൽ പറയുന്നു.